ശബ്ദണ്ടാക്കിയതിന് കുട്ടികളെ കല്ലെറിഞ്ഞു, ചോദ്യം ചെയ്തപ്പോൾ നെഞ്ചിൽ ചവിട്ടി; ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
വടകര: വിജേഷ് അയൽവാസിയായ നാണുവിനെ ചവിട്ടിയത് കുട്ടികളെ കല്ലെറിഞ്ഞ സംഭവം ചോദ്യം ചെയ്യാനെത്തിയപ്പോൾ. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ബോധരഹിതനായ നാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിപച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആയഞ്ചേരിയിൽ അയൽവാസിയായ യുവാവിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.
നാണുവിന്റെ വീട്ടിലെ കിണർ വറ്റിക്കുന്നതറിഞ്ഞ് അയൽ വീടുകളിലെ കുട്ടികൾ ഇവിടെ എത്തിയിരുന്നു. കുട്ടികൾ ശബ്ദംവച്ച് കളിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന വിജേഷ് കുട്ടികളെ കല്ലെടുത്ത് എറിഞ്ഞതായി പറയുന്നു. ഇത് ചോദിക്കാൻ പോയ നാണുവിന്റെ നെഞ്ചിൽ വിജേഷ് ചവിട്ടിയതായി നാട്ടുകാർ പറയുന്നു. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ ബേധരഹിതനായി വഴിയിൽ കിടക്കുന്ന നാണുവിനെയാണ് കണ്ടത്. ഇന്ന് രാവിലെ 11.30 നാണ് സംഭവം നടക്കുന്നത്.
നാണുവിനെ ഉടൻ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ ശസ്ത്രക്രിയയ്ക്ക് രണ്ടു തവണ വിധേയനായ നാണു വീട്ടിൽ വിശ്രമത്തിലിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് വിജേഷിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. പ്രിന്റിങ്ങ് പ്രസ്സിലെ ജോലിക്കാരനാണ് വിജേഷ്.
വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
കർഷക തൊഴിലാളിയാണ് നാണു. ഭാര്യ: ലീല. ലിജിത , ലിജി, ലിജിത്ത് എന്നിവർ മക്കളാണ്. മരുമക്കൾ: ചന്ദ്രൻ (കോട്ടപ്പള്ളി), രാജീവൻ (കാക്കുനി)