ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചവര്‍ക്ക് താങ്ങായി കല്ലാച്ചി-പുറമേരി പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍; കുട്ടികള്‍ നല്‍കിയത് രണ്ടുലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ്
നാദാപുരം: വിലങ്ങാടിന് താങ്ങായി കല്ലാച്ചി – പുറമേരി പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി വിദ്യാർഥികൾ സ്വരൂപിച്ച തുകയാണ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ നാലുവിദ്യാർഥികൾക്ക് സ്കോളർഷിപ്പായി നൽകിയത്.
അൻപതിനായിരം രൂപവീതമുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് ജിഷിത പന്നിയേരി, സ്നേഹാ ബാലൻ മലയങ്ങാട്, ആഷ്നിറ്റ സിജു പാനാം, അഭിനവ് ടി.എസ്. മലയങ്ങാട് എന്നിവർ അർഹരായി. സ്കൂൾ ലീഡർമാരായ പാർവതി സത്യനാഥ്, അക്ഷിത്ത് രജീഷ് എന്നിവർ ചെക്ക് എം.എൽ.എ.ക്ക് കൈമാറി. നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെൽമാ രാജു, വാർഡ് മെമ്പർ നിഷാ മനോജ്, പ്രധാനാധ്യാപകരായ സി. ബീന, കെ. അജിത, പി.ടി.എ. ഭാരവാഹികളായ എം.ടി.കെ. മനോജ്, ടി.സി. കൃഷ്ണദാസ്, കെ.പി. അഭിലാഷ്, കെ. റോഷിൽ എന്നിവർ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക സമ്മാനിച്ചു.
അഡ്മിനിസ്ട്രേറ്റർ വി.വി ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ ശ്രീജിത് അധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ് കോഡിനേറ്റർ ആർ. ദേവദർശ്, പ്രിൻസിപ്പൽ എം.കെ. വിനോദൻ എന്നിവർ സംസാരിച്ചു.
Description: An educational scholarship of Rs.2 lakh was handed over