കോട്ടയം കറുകച്ചാലില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്‍


കോട്ടയം: ചങ്ങാനശ്ശേരി കറുകച്ചാലില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പൊലീസ് സ്റ്റേഷന് മുമ്പില്‍വെച്ചാണ് പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ അഖില്‍ പെണ്‍കുട്ടിയെ വെട്ടിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

പ്രതി നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഇതിനിടെ എത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിവരം.