ജാനകി വയലിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി തരിപ്പിലോട് സര്‍വ്വകക്ഷിയോഗം


ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ ആഞ്ചാം വാര്‍ഡായ തരിപ്പിലോടിലെ ജാനകി വയല്‍ പ്രദേശത്തെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കഴിഞ്ഞ 35 വര്‍ഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നാണ് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നത്.

2020 തുടങ്ങിയ സര്‍വ്വേ നടപടികള്‍ 2023 ജൂണോടെ അവസാനിച്ചു. ഇതോടൊപ്പം പട്ടയത്തിന് തഹസീല്‍ദാര്‍ അപേക്ഷ സ്വീകരിച്ചു. എന്നാല്‍ 42 പേരില്‍ 21 ആളുകളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിച്ചുള്ളൂ. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കുഴിക്കൂര്‍ ചമയങ്ങള്‍ പരിശോധിച്ചു ഏറ്റെടുക്കുന്നതിനായാണ് കൈവശ കൃഷിക്കാര്‍ സര്‍ക്കാരിനെ സമീപിച്ചത്. അതേ സമയം സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഭൂമി കൈവശക്കാരന്റേതല്ലാതെ മാറിയെന്നാണ് പരാതി.

പട്ടിക പുനപരിശോധിച്ചു മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന് സര്‍വ്വ കക്ഷിയോഗം ആവശ്യപ്പെട്ടു. എം.പി ബാലന്‍ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, കെ.കെ വിനോദന്‍, വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍, പാളയാട്ട് ബഷീര്‍, കെ.ടി മൊയ്തീന്‍, എ.കെ സദാനന്ദന്‍, സി.പി ഇബ്രാഹിം, ബാലകൃഷ്ണന്‍, പി.സി സതീഷ് എന്നിവര്‍ സംസാരിച്ചു.