കൈനാട്ടിയിൽ ദേശീയപാത നിർമാണത്തിനായി മണ്ണ് ഇറക്കിയ ഭാഗത്തൂടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; മരണപ്പാച്ചിലിന് പൂട്ടിടണമെന്ന് ജനങ്ങൾ
വടകര: കൈനാട്ടിയിൽ ദേശീയപാത നിർമാണത്തിനായി മണ്ണ് ഇറക്കിയ ഭാഗത്തൂടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു. തലനാരിഴയ്ക്ക് അപകടം ഒഴിവായി. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഡിടിഎസ് ക്ലാസിക് ബസാണ് അപകടത്തിൽപ്പെട്ടത്.
ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാകുന്നതിന് വേണ്ടി മണ്ണ് ഇറക്കിയ ഭാഗത്തൂടെ തെറ്റായ ദിശയിൽ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് ബസിന്റെ മുൻഭാഗം മൺകൂനയിൽ തട്ടി നിന്ന് പോയി. അപകട സമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടം വിളിച്ചുവരുത്തുന്നതെന്ന് പറഞ്ഞ് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

ദീർഘ ദൂര ബസ്സുകളുടെ മത്സര ഓട്ടവും അശ്രദ്ധമായ ഡ്രൈവിംങും വലിയ അപകടങ്ങൾ വിളിച്ച് വരുത്തുമെന്ന് നാട്ടുകാർ പറഞ്ഞു. വലിയ അപകടങ്ങൾക്ക് മുൻപ് പോലീസും മോട്ടോർ വാഹന വകുപ്പും വിഷയത്തിൽ ഇടപെടണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.