കൊല്ലം ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചു; ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു, രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം


കൊല്ലം : കൊല്ലം ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡില്‍വെച്ചാണ് അപകടം.

പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം ഉണ്ടാക്കിയത്.

ഓവര്‍ട്ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ കെ.എസ്.ആര്‍.ടിസി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.