‘വടകര റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് വികസനം സമയബന്ധിതമായി പൂർത്തിയാക്കും’; വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തി ഡിവിഷണൽ മാനേജർ


വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ അമൃത്‌ ഭാരത്‌ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി. പാലക്കാട്‌ ഡിവിഷനിലെ വടകര, കാസര്‍ഗോഡ്‌, പയ്യന്നൂര്‍ എന്നീ മൂന്ന്‌ പ്രധാന റെയില്‍വേ സേ്‌റ്റഷനുകളില്‍ അമൃത്‌ ഭാരത്‌ പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ വിപുലമായ പരിശോധന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ സേ്‌റ്റഷനുകളിലെ സൗകര്യങ്ങളിലും അടിസ്‌ഥാന സൗകര്യങ്ങളിലും ഗണ്യമായ പുരോഗതി കൊണ്ടുവരുന്നതിന്‌ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. പൊതുജനങ്ങള്‍ക്ക്‌ യാത്രാനുഭവത്തില്‍ വലിയ കുതിച്ചുചാട്ടം പ്രദാനം ചെയ്യുന്നതിലൂടെ ഈ സേ്‌റ്റഷനുകളെ ആധുനികവും കാര്യക്ഷമവും യാത്രാ സൗഹൃദവുമായ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്‌ അമൃത്‌ ഭാരത്‌ സംരംഭം ലക്ഷ്യമിടുന്നത്‌.

പാലക്കാട്‌ ഡിവിഷന്റെ യോജിച്ച പ്രയത്നങ്ങള്‍ റെയില്‍വേയുടെ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സജീവമായ സമീപനത്തെ സൂചിപ്പിക്കുന്നതാണ്‌. ഈ മേഖലയിലെ യാത്രക്കാര്‍ക്ക്‌ ആശ്വാസത്തിന്റെയും സൗകര്യത്തിന്റെയും ഒരു പുതിയ യുഗം വാഗ്‌ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഡി.ആര്‍.എം. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്‌. ജയകൃഷ്‌ണന്‍, മുഹമ്മദ്‌ ഇസ്ലാം, സീനിയര്‍ ഡി.ഇ.എന്‍. വാസുദേവന്‍, സീനിയര്‍ ഡി.ഒ.എം, മറ്റ്‌ മുതിര്‍ന്ന ബ്രാഞ്ച്‌ ഓഫീസര്‍മാര്‍ എന്നിവരും ഡിവിഷണല്‍ റെയില്‍വേ മാനേജരെ അനുഗമിച്ചു.