വിശാലമായ പാർക്കിങ് ഏരിയ, പാസഞ്ചർ റിസർവേഷൻ കേന്ദ്രം, എൽ.ഇ.ഡി ഡിസ്‌പ്ലേ ബോർഡുകൾ; ആദ്യഘട്ടത്തിൽ 21.66 കോടി, 2024ല്‍ വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍


വടകര: 2024ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വടകരയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട, വികസനകുതിപ്പിന്റെ വര്‍ഷമാണ്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന വടകര റെയില്‍വേ സ്‌റ്റേഷന്‍ ഇന്ന് അടിമുടി മാറ്റത്തിന്റെ പാതയിലാണ്. അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ 21.66 കോടിയുടെ വികസനങ്ങളാണ് സ്‌റ്റേഷനില്‍ ആസൂത്രണം ചെയ്തത്. 2023 ആഗസ്ത് ആറിനായിരുന്നു പ്രവൃത്തി ഉദ്ഘാടനം.

പിന്നാലെ നവീകരണ പ്രവൃത്തികള്‍ ഇടതടവില്ലാതെ നടന്നു. നിലവില്‍ റെയിൽവേ സ്റ്റേഷൻ കെട്ടിടം കേരളീയശൈലിയിൽ നവീകരിക്കുന്ന പ്രവൃത്തി ഉൾപ്പെടെ അന്തിമഘട്ടത്തിലാണ്. ജനുവരി അവസാനത്തോടെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. സ്റ്റേഷനിലേക്കുള്ള റോഡ് പുനർനിർമാണവും ആരംഭിച്ചു കഴിഞ്ഞു. 15 മീറ്റർ വീതിയിലാണ് നവീകരിക്കുക. ഇതുവരെ 80 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി.

പാസഞ്ചർ റിസർവേഷൻ കേന്ദ്രം നവീകരണം, എൽ.ഇ.ഡി. ഡിസ്‌പ്ലേ ബോർഡുകൾ, സംയോജിത പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, പ്ലാറ്റ്‌ഫോം നവീകരണം, ഇരിപ്പിടം സ്ഥാപിക്കൽ എന്നിവയെല്ലാം പൂർത്തിയായി. അടച്ചിട്ട ടിക്കറ്റ് കൗണ്ടറും പ്രധാന കവാടവും നവീകരിച്ചശേഷം തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്‌. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലം കട്ട പാകിയത്.

പാര്‍ക്കിങ് ഏരിയ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് പിന്നാലെ അധികൃതര്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഓട്ടോ തൊഴിലാളികളുടമടക്കം സ്‌റ്റേഷനില്‍ പ്രതിഷേധിച്ചു. ടു വീലറുകള്‍ക്ക്‌ 12 മണിക്കൂറിന്‌ മുമ്പ്‌ 12 രൂപയായിരുന്നു പാർക്കിംഗ് ഫീസ്. പുതുക്കിയ നിരക്ക് അനുസരിച്ച് നിലവില്‍ 20 രൂപ കൊടുക്കണം. കാറുകള്‍ക്കും മറ്റും 30 രൂപയായിരുന്നത് 60 രൂപയാക്കി വര്‍ധിപ്പിച്ചു. മാത്രമല്ല ടൂവീലര്‍ യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് സൂക്ഷിക്കണമെങ്കില്‍ 10രൂപ അധികം കൊടുക്കുകയും വേണം.

ട്രാക്കില്‍ നിര്‍ത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 599 രൂപ വീതം അടയ്ക്കണമെന്ന ഉത്തരവാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്‌. മാത്രമല്ല പാര്‍ക്കിങ് ഫീസ് അടയ്ക്കാത്ത ഓട്ടോറിക്ഷകള്‍ റെയില്‍വേ പരിസരത്ത് നിന്ന് യാത്രക്കാരെ കയറ്റിയാല്‍ ഭീമമായ സംഖ്യ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്നും ഫൈനായി റെയില്‍വേ അധികൃതര്‍ ഈടാക്കുന്നുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. റോഡ് ടാക്‌സ് ഇനത്തില്‍ ഒരു വര്‍ഷത്തേക്ക് 500 രൂപയാണ് ഡ്രൈവര്‍മാര്‍ അടയ്ക്കുന്നത്. എന്നാല്‍ റെയില്‍വേയുടെ പാര്‍ക്കിങ് ഫീസ് ഒരു വര്‍ഷത്തേക്ക് കണക്കാക്കുമ്പോള്‍ 2400 രൂപയാണ് അടയ്‌ക്കേണ്ടി വരിക. മാത്രമല്ല 5000രൂപയായി ഫീസ് ഉയര്‍ത്തിയാല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്നായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പ്രധാന ആശങ്ക.

ഫീസ് ഉയര്‍ത്തിയതിന് പിന്നാലെ ഉത്തരവ് പിന്‍വലിക്കുകയോ തുക കുറയ്ക്കുകയോ ചെയ്യണമെന്ന് ഡ്രൈവര്‍മാര്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഉത്തരവിനെതിരെ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നവര്‍ ഓട്ടം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ശേഷം സ്‌റ്റേഷന് പുറത്ത് നിന്ന് ആളുകളെ കയറ്റി സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ യാത്രക്കാരെ ഇറക്കി തിരിച്ചുവരുമ്പോള്‍ വി.എം പെര്‍മിറ്റുള്ള വണ്ടിക്കാരെ റെയില്‍വേ പരിസരത്ത് വച്ച് യാത്രക്കാരെ കയറ്റുവാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും, പിഴ ഈടാക്കിയെന്നുമുള്ള പ്രശ്‌നവും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു.

മാത്രമല്ല പെര്‍മിറ്റ് ഉള്ള സ്റ്റേഷനിലെ ഓട്ടോറിക്ഷകളില്‍ ദീര്‍ഘദൂരയാത്രക്കാരെയാണ് കൂടുതലായും ഡ്രൈവര്‍ കയറ്റുന്നത് എന്നും പരാതി ഉയര്‍ന്നിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ സ്‌റ്റേഷനിലെത്തിയ യാത്രക്കാര്‍ മതിയായ വാഹനം സൗകര്യം കിട്ടാതെ വലഞ്ഞു. ഇതോടെ പാര്‍ക്കിങ്ങ് ഫീസ് വര്‍ധനവ് സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു.

എന്നാല്‍ ഡിസംബര്‍ മാസം 20ഓടെ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയ നടത്തിപ്പ് കമ്പനി കരാർ അവസാനിപ്പിച്ചു. പാർക്കിങ് ഫീസ് പിരിവ് കരാറെടുത്ത കമ്പനിക്ക് നഷ്ടമുണ്ടാക്കിയതായാണ് വിവരം. ഇതേ തുടർന്നാണ് മൂന്ന് മാസം കൊണ്ട് കമ്പനി കരാർ അവസാനിപ്പിച്ചത്.

ഇതിനിടയില്‍ 42 വർഷത്തെ പഴക്കമുള്ള റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം പൂട്ടിയ അധികൃതരുടെ നടപടിക്ക് എതിരെയും കടുത്ത പ്രതിഷേധം ഉയര്‍ന്നു. രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന രജിസ്‌ട്രേജ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് ലയനത്തെ തുടര്‍ന്നാണ് വടകരയിലെ ആര്‍എംഎസ് പൂട്ടിയത്‌. 2024 ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർ.എം.എസ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്.

രണ്ടാംഘട്ടത്തിൽ റെയില്‍വേ സ്‌റ്റേഷനില്‍ ഏതാണ്ട് പതിനായിരം ചതുരശ്രമീറ്റർ പാർക്കിങ് സ്ഥലംകൂടി വടക്കുഭാഗത്ത് ഒരുങ്ങുമെന്നാണ് വിവരം. ഇവിടെത്തന്നെയാണ് ഓഫീസ് സൗകര്യങ്ങൾ, ആർ.പി.എഫ്. എന്നിവയ്ക്കെല്ലാം കൂടിയുള്ള പുതിയ കെട്ടിടവും വരുന്നത്. 25 കോടി രൂപയോളം ഇതിനെല്ലാം ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. മാത്രമല്ല ആർ.എം.എസ് ഓഫീസ് ഒഴിഞ്ഞ ശേഷമുള്ള കെട്ടിടം ഉപയോഗപ്പെടുത്താനും റെയിൽവേ ആലോചിക്കുന്നുണ്ട്. വിശ്രമമുറിയാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്.

summary: Ample parking area, passenger reservation center; Development of Vadakara Railway Station