അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് പന്ത്രണ്ടുവയസുകാരൻ ചികിത്സയിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുള്ളതായി സംശയം. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫറൂഖ് കോളേജിനടുത്തുള്ള അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിക്കുന്നുണ്ട്.
ജൂണ്‍ 16ാം തിയ്യതി മുതല്‍ ഇവിടെ എത്തിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ ആശാവര്‍ക്കര്‍മാരാണ് അന്വേഷണം നടത്തുന്നത്. രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച് ഡിവിഷന്‍ പരിധിയില്‍ വരുന്ന കുളമാണിത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ പൊതുകുളം ഉപയോഗിച്ചുവരുന്നത്.