പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച് ബൈക്ക് യാത്രികന്‍; ആക്രമണം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന്


പേരാമ്പ്ര: പേരാമ്പ്രയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബൈക്ക് യാത്രികന്റെ ക്രൂരമര്‍ദ്ദനം. മരുതേരി സ്വദേശി അശ്വന്തിനാണ് മര്‍ദ്ദനമേറ്റത്. കായണ്ണ സ്വദേശിയാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്.

ഓടിയെത്തിയ നാട്ടുകാര്‍ ബൈക്ക് സഹിതം ആളെ പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാതെ അടുത്തദിവസം ഹാജരാകാന്‍ പറഞ്ഞ് വിട്ടയച്ചതായും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനാ നേതാക്കള്‍ പരാതിപ്പെട്ടു.

ഹോണ്‍ അടിച്ചുവെന്നതിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് അശ്വിന്റെ പരാതി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ചെമ്പ്ര റോഡില്‍ വനിതാ ഹോസ്റ്റലിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്. അമിതവേഗതയില്‍ ആംബുലന്‍സിനെ മറികടന്ന് വാഹനം നിര്‍ത്തി അശ്വന്തിനെ മര്‍ദ്ദിക്കുകയായിരുന്നു.

പള്ളിയത്തുള്ള രോഗിയെ കൂട്ടാനായി ആംബുലന്‍സുമായി പോകുകയായിരുന്നു അശ്വന്ത്. എതിര്‍ദിശയില്‍ നിന്നുവന്ന ബൈക്ക് യാത്രികന്‍ ആംബുലന്‍സിന് കടന്നുപോകാന്‍ പറ്റാത്ത വിധത്തില്‍ ബൈക്ക് ഓടിച്ചെത്തുകയും ആംബുലന്‍സില്‍ ഇടിച്ചുനിര്‍ത്തുകയുമായിരുന്നു.

ആക്രമണത്തില്‍ അശ്വന്തിന്റെ കൈ ഒടിഞ്ഞു. യുവാവിനെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.