തലശ്ശേരിയിൽ ആംബുലൻസും അഗ്നിരക്ഷാസേന വാഹനവും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു


തലശ്ശേരി: ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാസേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടിലയിലെ കോയ്യോൻ ഹൗസിൽ ടി മിഥു നാ(36)ണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന സുകേഷ്, പ്രവീൺ, സിന്ധു എന്നിവരെ ​ഗുരുതര പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടo. പരിയാരത്തു നിന്നും ചിറക്കുനിയിലേക്ക് മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന അഗ്നിരക്ഷാസേന വാഹനം. ആംബുലൻസ് ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Description:

Ambulance and fire rescue vehicle collide in Thalassery; The ambulance driver died