ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ; വയനാട് അമ്പലവയലിന് പിന്നാലെ കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനം


കോഴിക്കോട്: വയനാട് അമ്പലവയലിന് പിന്നാലെ കൂടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി വിവരം. പ്രദേശത്ത് ഭൂമിക്ക് അടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ 10നും 10 .15നും ഇടയിലാണ് പ്രകമ്പനം ഉണ്ടായത്.

കാവിലുംപാറ കലങ്ങോട് പ്രദേശത്തും ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

വയനാട് അമ്പലവയലില്‍ രാവിലെ പത്ത് മണിയോടെയാണ് വന്‍ സ്‌ഫോടന ശബ്ദം കേട്ടത്. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്ത് നിന്നുമാണ് ശബ്ദം കേട്ടത്. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്‌. പ്രദേശത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. പ്രദേശത്തെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.