മൂന്നുമാസത്തിനുശേഷം സതീഷും കുടുംബവും അമലിനെ കണ്ടു; ചേതനയില്ലാതെ; ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊയിലാണ്ടി നന്തി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹം സംസ്‌കരിച്ചു
കൊയിലാണ്ടി: ദുബായിലെ റാഷിദിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നന്തി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം നന്തിയിലെ വീട്ടിലെത്തിച്ചത്. അധികം വൈകാതെ തന്നെ സംസ്‌കാര ചടങ്ങുകളും നടന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയാണ് മൃതദേഹം സോണാപൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും ആംബുലന്‍സില്‍ എയര്‍പോര്‍ട്ടിലെത്തിച്ചത്. രാവിലെ ഒമ്പതുമണിയോടെ എയര്‍പോര്‍ട്ടിലെത്തിയ മൃതദേഹം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
നിരവധിയാളുകളാണ് അമലിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നന്തിയിലെ വീട്ടിലെത്തിയത്. അമലിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത വരുന്നതുവരെ മകന്‍ ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പിലായിരുന്നു അച്ഛന്‍ സതീഷും ബന്ധുക്കളുമെല്ലാം.
മൂന്നര മാസം മുന്‍പ് ദുബായില്‍ നിന്നുമാണ് അമലിനെ കാണാതായത്. തുടര്‍ന്ന് അമലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റാഷിദിയയിലെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ടാഴ്ച മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ചാണ് മൃതദേഹം അമല്‍ സതീഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ഒക്ടോബര്‍ 20നാണ് നന്തി സ്വദേശി അമല്‍ സതീഷിനെ ദുബായില്‍ വച്ച് കാണാതാവുന്നത്. ദുബായ് സിറ്റിയിലെ ജീപാസ് ഷോറൂമിലെ ജോലിക്കാരനായിരുന്നു അമല്‍. വടകരയിലെ ജീപാസ് കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയതിനെ തുടര്‍ന്ന് എട്ടുമാസം മുമ്പാണ് അമല്‍ ദുബായിലെത്തുന്നത്.
ഇന്റര്‍വ്യൂ ടൈമില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവന്നതുമൂലം കൃത്യമായി ഉറക്കം പോലും ഇല്ലാതെ ശാരീരികവും മാനസികമായും അവശനായതായി അമല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോവാന്‍ കമ്പനിയോട് ലീവ് ചോദിച്ചെങ്കിലും അനുവദിച്ചില്ല. രണ്ടുവര്‍ഷത്തെ കരാര്‍ ഉള്ളതിനാല്‍ ലീവ് അനുവദിക്കാനാവില്ലെന്നാണ് കമ്പനി പറഞ്ഞത്. ഇതോടെ അമല്‍ മാനസികമായി തളര്‍ന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അമലിന്റെ അച്ഛന്‍ കമ്പനി അധീകൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 20-ന് നാട്ടിലേക്ക് അയക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തിരിച്ചുവരാനായി പാസ്‌പോര്‍ട്ടിനായി അമല്‍ കമ്പനിയെ സമീപിച്ചപ്പോള്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഒക്ടോബര്‍ 20ന് അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമല്‍ ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് ഒരുവിവരവും ഇല്ലായിരുന്നു. അമലിനെ തിരഞ്ഞ് അച്ഛന്‍ സതീഷും അടുത്ത ബന്ധുക്കളും രണ്ടുമാസത്തിലേറെയായി ദുബൈയിലുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചുവന്നത്. ഇതിന് പിന്നാലെയാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്.
സതീഷിന്റെയും പ്രമീളയുടെയും മകനാണ്. സഹോദരി അമൃത.
Summary: Amal Satheesh body brought to home