ഒരു വട്ടംകൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് അവർ ഒത്തുകൂടി; കെട്ടിപ്പിടിച്ചും സൗഹൃദം പങ്കിട്ടും പതിറ്റാണ്ടുകൾക്ക് ശേഷം ചോറോട് മലമ്മൽ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം “ഗുലിസ്ത”


ചോറോട്: ചോറോട് പഞ്ചായത്തിലെ ഹൈസ്ക്കൂൾ ആയ മലമ്മൽ സ്ക്കൂൾ എന്നറിയപ്പെടുന്ന ചോറോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായ് നടന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം “ഗുലിസ്ത” നവ്യാനുഭവമായി. 1974 ൽ 27 പെൺകുട്ടികളും ഒരു അദ്ധ്യാപകനുമായി ആരംഭിച്ച സ്കൂൾ ഇന്ന് നേട്ടങ്ങളുടെ നെറുകെയാണ്.

നവംബർ 10 ന് നടന്ന പരിപാടിയിൽ 1600 ൽപ്പരം പൂർവ്വ വിദ്യാർത്ഥികൾ എത്തി ചേർന്നു. കുരിക്കിലാടുള്ള അങ്ങാടി മലയിലാണ് മലേമ്മൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിരവധി ബാച്ചുകൾ ഡ്രസ്കോഡുകളടക്കം സെറ്റ് ചെയ്താണ് എത്തിയത്. വിദേശത്തുള്ളവർ, ഇതർ സംസ്ഥാനത്തുള്ളവർ എന്നിങ്ങനെ നിരവധി പേർ ഇവിടെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് പങ്കെടുത്തു.

പഴയ സ്കൂൾ അന്തരീക്ഷം നിലനിർത്തി നാരങ്ങാ മിഠായിയും, ഉപ്പിലിട്ട മാങ്ങ, കൈതചക്ക, നെല്ലിക്ക, കടല മിഠായി എന്നിവയടക്കമുള്ള മുട്ടായി കട, പഴയകാല ബാച്ചുകളുടെ ഫോട്ടോ പ്രദർശനം, എന്നിവ ഏറെ ശ്രദ്ധേയമായി. തുടക്കം മുതൽ സേവനമനുഷ്ഠിച്ച അധ്യാപകർ വയസ്സു കാലം അവഗണിച്ചു. ദൂരങ്ങളിൽ നിന്നടക്കം പരിപാടിയിൽ എത്തിച്ചേർന്നു.

സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.ടി.മോഹൻദാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടൻ പി.പി.കുത്തികൃഷ്ണൻ, നടി രചനാ നാരായണൻ കുട്ടി, സ്കൂൾ പ്രിൻസിപ്പാൾ കെ.ജി.ദീപ, ഹെഡ് ടീച്ചർ കെ.സുധ, പി.ടി.ഏ പ്രസിഡണ്ട് കെ.കെ.മധു, പ്രോഗ്രാം കമ്മിറ്റി ചെയർമാർ എ.വി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. കൺവീനർ എൻ.നിധിൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.കെ.അജിത്കുമാർ നന്ദിയും പറഞ്ഞു.

എം.ബാലകൃഷ്ണൻ, ഡി.ഷീജ ടിച്ചർ, പി.ഗൗരി ടീച്ചർ, ഉഷ ടിച്ചർ, സി.എം.നാരായണൻ മാസ്റ്റർ, പി.കെ.ഗംഗാധരൻ, വി.പി.മുഹമ്മദ് മാസ്റ്റർ, പി..പി.അന്ത്രു മാസ്റ്റർ, ബേബി ടീച്ചർ എന്നിവർ സാന്നിധ്യം അറിയിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, രാഗവല്ലി ആർട്സിന്റെ ഗാനമേള എന്നിവ അരങ്ങേറി. രാവിലെ മുതൽ രാത്രി വൈകും വരെ നിറസാന്നിധ്യം ഏറെ ശ്രദ്ധേയമായി.

Summary: Once again they gathered in the courtyard where memories graze; Alumni reunion “Gulista” at Chorode Malammal Higher Secondary School after decades of hugging and sharing friendship