കലാലയ ഓര്‍മ്മകളിലേക്ക് ‘ഒരുവട്ടം കൂടി’ മടങ്ങിയെത്തി പഴയ ചങ്ങാതിമാര്‍; മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ സ്നേഹസംഗമം സംഘടിപ്പിച്ചു


മേപ്പയൂര്‍: കഴിഞ്ഞ കാലത്തിന്റെ പ്രയപ്പെട്ട ഓര്‍മ്മകള്‍ പുതുക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയമുറ്റത്ത് ഒത്തുചേര്‍ന്ന് മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍. 2003-2005 പ്ലസ് ടു ബാച്ചാണ് തങ്ങള്‍ പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയില്‍ ‘ഒരുവട്ടം കൂടി’ എന്ന പേരില്‍ സ്നേഹസംഗമം സംഘടിപ്പിച്ചത്. പൂര്‍വവിദ്യാര്‍ഥികളും അക്കാലഘട്ടത്തിലെ അധ്യാപകരും ഉള്‍പ്പെടെ അന്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

അധ്യാപകരും വിദ്യാർത്ഥികളും പതിനേഴ് വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള തങ്ങൾക്കിടയിലെ മാറ്റങ്ങളും അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് ബന്ധങ്ങൾ ദൃഢമായി പുതുക്കി ചേർത്തുവെച്ചു. ചടങ്ങിൽ മുഴുവൻ അധ്യാപകർക്കും സ്നേഹോപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികൾ ചേർന്ന് കോളേജിന് നൽകിയ സ്നേഹോപഹാരം അധ്യാപകര്‍ ഏറ്റുവാങ്ങി.

ജിനീഷ് കാരയാട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ 2003-2005 കാലഘട്ടത്തിലെ പ്രിൻസിപ്പൽ വി. സത്യൻ, അധ്യാപകരായ രാമകൃഷ്ണൻ, മഹേഷ്, ആവള അജയ്, പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.