ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തേക്ക് ഒരുവട്ടം കൂടി തിരികെയെത്തി അരിക്കുളം കെ.പി.എം.എസ്എം. ഹൈസ്ക്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍; സൗഹൃദ സംഗമം നീണ്ട മുപ്പത് വർഷത്തെ ഇടവേളകൾക്ക് ശേഷം


അരിക്കുളം: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പഠിച്ചിറങ്ങിയ വിദ്യാലയത്തിലേക്ക് തിരികെയെത്തി കെ.പി.എം.എസ്എം. ഹൈസ്ക്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍. 1988 – 1991 ബാച്ചിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ‘ഒരുവട്ടം കൂടി’ എന്നപേരിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചത്. സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ഷാജി.സി.കെ.കാവിൽ അദ്ധ്യക്ഷത വഹിച്ച പരിപാടി മുൻ പ്രധാന അദ്ധ്യാപകൻ സി. അമ്മദ്കുട്ടി മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്.

അകാലത്തിൽ വിടപറഞ്ഞ ദേവി, കമലാക്ഷി,അബ്ദുറഹ്‌മാൻ, ഇബ്രാഹിം, ബാബു, ചരതാൽ അമ്മദ്കുട്ടി,സുധാകരൻ തുടങ്ങിയ പ്രിയ അധ്യാപകര്‍ക്കും സാഹപാഠിയായിരുന്ന മണിയ്ക്കും പ്രണാമം അർപ്പിച്ചു കൊണ്ടുള്ള മൗന പ്രാർത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അമ്മദ് കുട്ടി,മീന, അഷ്‌റഫ്‌ പുളിയനാട് എന്നീ അധ്യാപകരെ പരിപാടിയില്‍ മൊമെന്റോകൾ നൽകി ആദരിച്ചു.

പൊയിലങ്ങൽ മനോജ്‌, ജാബിർ.പി, മിനീഷ് അരിക്കുളം, സുനിത, അയ്ശു മുഹമ്മദലി, ഷീജ.കെ, മുഹമ്മദലി കൊടുവള്ളി, ഷാജസ് നടുവണ്ണൂർ, ബഷീർ.ടി.എം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വവിദ്യാർത്ഥിയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ സാജിദ് നടുവണ്ണൂര്‍ ചടങ്ങില്‍ സ്വാഗതവും അജീഷ് മുത്താമ്പി നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത ഗായകനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായ സി. അശ്വനിദേവ് നേതൃത്വം നൽകിയ പൂർവ്വവിദ്യാർത്ഥികളുടെ ഗാനവിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്.

ലാൻഡ് ഫോൺ പോലും അപൂര്‍വമായ കാലത്ത് സ്കൂളില്‍ നിന്ന് ഇറങ്ങിയതോടെ സൌഹൃദത്തിന്റെ വേരറ്റുപോയ പലര്‍ക്കും വീണ്ടും കാണുവാനും സൌഹൃദം പുതുക്കുവാനുമുള്ള ഒരു വേദികൂടിയായി സുഹൃദ്സംഗമം മാറി. യു.കെ.നൗഫൽ എലങ്കമൽ, അജീഷ് മുത്താമ്പി, ലീന.കെ.പി.പള്ളിക്കര, ബിന്ദു മോഹനൻ, ലജ തറമ്മൽ, സി.പി.എ.മുജീബ് റഹ്‌മാൻ, ഗീത.പി തുടങ്ങിയവരാണ് സുഹൃദ് സംഗമത്തിന് നേതൃത്വം നൽകിയത്.