കിതക്കാതെ കുതിച്ചോടി അല്‍ന സത്യന്‍; ഏറാമല ആദിയൂരിലെ മിടുക്കി സ്വന്തമാക്കിയത് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം
ഓര്‍ക്കാട്ടേരി: ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമം…..ഒടുവില്‍ സ്വര്‍ണത്തിലേക്ക് ഓടി കയറി ഏറാമല ആദിയൂരിലെ അല്‍ന സത്യന്‍. കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണമാണ് അല്‍ന സ്വന്തമാക്കിയത്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ മത്സരങ്ങളിൽ സ്വര്‍ണം നേടിയാണ് അല്‍ന വ്യക്തിഗത ചാമ്പ്യൻ ആയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. ആറ് വിഭാഗങ്ങളിലായി 102 മത്സരങ്ങളില്‍ 17 സബ് ജില്ലകളില്‍ നിന്നും 3500 കുട്ടികളാണ് ഇത്തവണ മേളയ്ക്ക് എത്തിയത്. ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായ അല്‍ന പഠിത്തത്തിലും ഒരുപോലെ മിടുക്കിയാണ്. സ്‌ക്കൂളിലും തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമായി കായികാധ്യാപകന്‍ സി.കെ അമലിന്റെ കീഴിലാണ് അല്‍നയുടെ പരിശീലനം.
നാടിനും സ്‌ക്കൂളിനും അഭിമാനമായി മാറിയ അല്‍നയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. സ്‌ക്കൂള്‍ പിടിഎ-സ്റ്റാഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അല്‍നയ്ക്ക് അനുമോദനം ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല ഇന്നലെ പഞ്ചായ്തത് പ്രസിഡണ്ട് ടി.പി മിനികയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി പഞ്ചായത്തിന്റെ ആദരവ് അറിയിക്കുകയും ചെയ്തിരുന്നു. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി ഒഡീഷയ്ക്ക് പോവുന്ന തിരിക്കിലാണ് ഈ കൊച്ചുമിടുക്കിയിപ്പോള്‍. കരെക്കുനിയിൽ സത്യന്റെയും സന്ധ്യയുടെയും മകളാണ്. സഹോദരൻ: അഭിനവ്.