അല്ലു അർജുൻ ജയിലിലേക്ക് പോകേണ്ട; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി


ഹൈദരാബാദ്: ‘പുഷ്‌പ 2’ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ റിമാൻഡ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകരുതെന്ന സർക്കാർ അഭിഭാഷകൻറെ വാദം ഹൈക്കോടതി തള്ളി.

കേസിൽ നേരത്തെ മജിസ്ട്രേറ്റ് അല്ലുവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. എന്നാൽ അല്ലു നൽകിയ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അല്ലുവിനെ ജയിലിലേക്ക് അയക്കുന്നത് ഇതിനുശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അല്ലു തെലങ്കാന ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

അല്ലുവിന് ജാമ്യം നൽകരുതെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അല്ലു അടക്കമുള്ള താരങ്ങളോട് തിയേറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും സർക്കാർ കോടതിയെ അറിയിച്ചു. കോടതി ഇതിനുള്ള രേഖകൾ ചോദിച്ചു. എസ്.എച്ച്.ഒ ഈ വിവരം അല്ലു അർജുൻ്റെ ടീമിനെ അറിയിച്ചിരുന്നെന്നും രേഖകൾ ഹാജരാക്കാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.

പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുന്റെ അഭിഭാഷകർ തെലങ്കാന ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഉൾപ്പെടെ ചേർത്ത് പുതിയ ഹർജി നൽകുകയായിരുന്നു. അതേസമയം, അല്ലു അർജുൻ്റെ അറസ്റ്റിനെതിരെ തെലങ്കാനയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അർജുനെ അറസ്റ്റ് ചെയ്ത് ആദ്യം കൊണ്ടുപോയ ചികട്‌പള്ളി പൊലീസ് സ്റ്റേഷനിൽ നൂറുകണക്കിന് ആരാധകരാണ് എത്തിയത്.

Summary: Allu Arjun should not go to jail; High Court granted interim bail