വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം; ആദിത്യ കർഷക പരിസ്ഥിതി സമിതിയോഗം പ്രതിഷേധിച്ചു


ചെമ്മരത്തൂർ: വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം. സംയുക്ത സമരസമിതി എന്ന പേരിൽ കുറച്ച് വ്യക്തികൾ ചേർന്നാണ് പ്രചരണങ്ങൾ നടത്തുന്നത്. ചെമ്മരത്തൂർ ആദിത്യ കർഷക പരിസ്ഥിതി സമിതി യോഗം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

തേങ്ങയുടെ വിപണിസാധ്യതയും കേരളത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കി 2015 ലാണ് സംസ്ഥാനത്ത് 29 ഓളം നാളികേര കമ്പനികൾ ആരംഭിച്ചത്. തത്സമയം തുടങ്ങിയ മറ്റ് സ്ഥാപനങ്ങൾക്കെല്ലാം പല പ്രതിസന്ധികളും ഉണ്ടായെങ്കിലും വടകരയിലെ കമ്പനി ലാഭത്തിൽ തന്നെ മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായുള്ള വെളിച്ചെണ്ണ അന്താരാഷ്ട്ര വിപണിയിൽ തന്നെ ശ്രദ്ധേയമായി മാറിയ ഉൽപ്പന്നമാണ്. എന്നാൽ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് ഏതാനും ചില വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ചെയർമാനേയും കമ്പനിയെയും താറടിച്ചു കാണിക്കുന്ന പ്രവർത്തനങ്ങളുമായി ചിലർ രംഗത്തുവരികയാണെന്ന് യോഗം കുറ്റപ്പെടുത്തി.

സമിതി പ്രസിഡണ്ട് ആയിരം കൊമ്പത്ത് ഗോപാലൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പ്രൊഫ: ഇ ശശീന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ നമ്പ്യാർ, രാഘവകുറുപ്പ്, കെ. നാരായണൻ മാസ്റ്റർ , കെ.പി കൃഷ്ണൻ, കുഞ്ഞികൃഷ്ണൻ , ഗോപാലൻ കെ.ടി , രാഹുൽ ദാസ്, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.