ജനപ്രതിനിധികളെ അറിയിക്കാതെ വടകര നഗരസഭാ കൗൺസിൽ യോഗം നടത്തിയെന്ന് ആരോപണം; പ്രതിഷേധവുമായി യു.ഡി.എഫ്
വടകര: നഗരസഭയിലെ കൗൺസിൽ യോഗം ജനപ്രതിനിധികളെ അറിയിക്കാതെ നടത്തിയത് 1994ലെ കേരള മുനിസിപ്പൽ ആക്ടിന് വിരുദ്ധമായാണെന്നു യു.ഡി.എഫ്. മുനിസിപ്പൽ നിയമവും ചട്ടവും കാറ്റിൽ പറത്തി ജനപ്രതിനിധികളുടെ അധികാരത്തിൽ കൈകടത്താൻ നഗരസഭ ജീവനക്കാരെ അനുവദിക്കില്ലെന്നും ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി യോഗം പറഞ്ഞു.
കേരള മുനിസിപ്പൽ ആക്ട് പ്രകാരം സാദാരണ കൗൺസിൽ യോഗം നടക്കുന്നതിന് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് അജണ്ട റൂട്ട് രജിസ്റ്റർ ബുക്കിൽ ഒപ്പിട്ട് യോഗ നോട്ടീസ് കൗൺസിലർമാർക്ക് അവരുടെ കൈകളിൽ നേരിട്ട് നൽകണമെന്ന് ചട്ടമാണ് കഴിഞ്ഞ ദിവസം നടത്തിയ കൗൺസിൽ യോഗമടക്കം കാറ്റിൽപറത്തി നഗരസഭ കൗൺസിൽ ക്ലർക്കിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ നടത്തി വരുന്നത്.

വ്യാഴാഴ്ച തീരുമാനിച്ച കൗൺസിൽ യോഗം പതിനഞ്ചിലേറെ കൗൺസിലർമാർ അറിഞ്ഞിട്ടില്ല. ആയത് രേഖാമൂലം അറിയിച്ചിട്ടും നഗരസഭ ചെയർമാൻ യോഗം നടത്താൻ ശ്രമിച്ചപ്പോൾ പരാതി നൽകി. തുടർന്ന് വെള്ളിയാഴ്ച അടിയന്തിര കൗൺസിൽ യോഗം നടത്താൻ തീരുമാനിച്ച അജണ്ടയും യോഗ അറിയിപ്പും കൗൺസിലർമാർക്ക് നൽകാതെയാണ് യോഗം നടത്തിയത്. ഈ കൗൺസിൽ തീരുമാനം റദ്ദാക്കണമെന്നും കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെട്ടു.
Summary: Allegations that Vadakara Municipal Council meeting was held without informing public representatives; UDF protests