യോഗങ്ങളും സെമിനാറുകളും മാത്രം, പരാതികള്‍ക്ക് മുമ്പില്‍ മുഖം തിരിച്ച് അധികാരികള്‍; പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ ജല ജീവന്‍ പദ്ധതി അവതാളത്തിലെന്ന ആരോപണം


പേരാമ്പ്ര: എല്ലാ വിടുകളിലും കുടിവെള്ളം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ജല ജീവന്‍ പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ അവതാളത്തിലെന്ന ആരോപണവുമായി ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട്.

ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച് കണക്ഷന്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന പല സ്ഥലങ്ങളിലും ഇതുവരെ പൈപ് ഇടാന്‍ സാധിച്ചിട്ടില്ല. പഞ്ചായത്തില്‍ രണ്ട് വര്‍ഷം മുന്‍പ് പ്രവൃത്തി തുടങ്ങിയ ഘട്ടത്തില്‍ പൊളിച്ചിട്ട പല റോഡുകളും ഇന്നും പൂര്‍വ്വസ്ഥിതിയില്‍ ആക്കാനുള്ള ഒരു നടപടിയും ജല ജീവന്‍ മിഷന്റെ നടത്തിപ്പുക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. കേവലം പഞ്ചായത്ത് അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേര്‍ന്നും സെമിനാറുകള്‍ സംഘടിപ്പിച്ചും പ്രചാരണ സാമഗ്രഹികള്‍ പ്രദര്‍ശിപ്പിച്ചു കരാറുകാര്‍ പൊതുജനങ്ങളുടെ നികുതി പണം അപഹരിക്കുന്ന ഒരു സംവിധാനമായി ജല ജീവന്‍ മിഷന്‍ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി തവണ ജല ജീവന്‍ മിഷന്‍ സംബന്ധിച്ച അക്ഷേപങ്ങള്‍ വാട്ടര്‍ അതോററ്റി അധികൃതരോടും, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥരോടും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണസമിതിക്ക് മുന്‍പില്‍ പ്രസ്തുത വിഷയം പലപ്പോഴായി സുചിപ്പിച്ചപ്പോഴും ജനങ്ങളുടെ ഈ ദുരിതം ഉള്‍ക്കൊള്ളാനോ ഉത്തരവാദിത്വത്തോടെ ഇടപെടല്‍ നടത്താനോ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല.

പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാനോ, പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമം ആക്കാനൊ അധികൃതര്‍ ഇനിയും തയ്യാറാവുന്നില്ല എങ്കില്‍ നാളെകളില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്കും, അധികൃതരെ തെരുവില്‍ തടയുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കടക്കാനും നിര്‍ബന്ധിതമാവുമെന്നും അര്‍ജുന്‍ കറ്റയാട്ട് അഭിപ്രായപ്പെട്ടു.