കളിക്കളത്തിനായി ചെറുവിരൽ അനക്കാൻ കഴിഞ്ഞില്ല, സിപിഎം ജാള്യത മറക്കാന്‍ ശ്രമിക്കുന്നു: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതി


തിരുവള്ളൂർ: മുപ്പതാണ്ടിൽപരം തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് തുടർച്ചയായി ഭരിച്ചിട്ടും കളിക്കളത്തിനായി ചെറുവിരൽ അനക്കാൻ കഴിയാത്ത കഴിവുകേടിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന്‌ തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതി. ഇന്നലെ പഞ്ചായത്തിലെ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി നേതാക്കളുടെയും യോഗത്തിനിടെ എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതി രംഗത്ത് വന്നത്‌.

”ഗ്രാമ പഞ്ചായത്തിൽ കളിക്കളം നിർമ്മിക്കാൻ വേണ്ടി രൂപീകരിച്ച സംഘാടകസമിതിയുടെ അഞ്ചാമത് യോഗമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ യോഗങ്ങളിൽ വ്യക്തത വരുത്തി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് യോഗം ചേർന്നത്. എന്നാൽ ഈ ഉദ്യമം മുടക്കാനുള്ള ശ്രമമാണ് സി.പി.എം ഭാഗത്തു നിന്നുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കൈകാര്യം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞതോടെ സി.പി.എം പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കളിക്കളം മുടക്കാൻ ഏതു ഭാഗത്തു നിന്നു ശ്രമമുണ്ടായാലും സമയബന്ധിതമായി കളിക്കളം യാഥാർത്ഥ്യമാക്കുമെന്നും”യു.ഡി.എഫ് ജനപ്രതിനിധികള്‍ പറഞ്ഞു.

ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയും രാഷ്‌ട്രീയ പാർടി നേതാക്കളുമായി കൂടി ആലോചിക്കാതെയും റോഡ് സൗകര്യമില്ലാത്ത മലമുകളിൽ കളിക്കളത്തിനായി സെന്റിന് 61,000 രൂപ വിലയിൽ 90 സെന്റ് വാങ്ങിയത് സുതാര്യമായില്ല എന്നാണ്‌ എൽ.ഡി.എഫ് ജനപ്രതിനിധികള്‍ ആരോപിക്കുന്നത്. പഞ്ചായത്തിലെ കുനിവയലിൽ സെന്റിന് 40,000 രൂപ വിലയിൽ ഭൂമി വാഗ്ദാനം ചെയ്ത കുടുംബവുമായി ആലോചിക്കാനോ പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം വാങ്ങാനോ തയ്യാറായില്ല. പകരം ചില സ്ഥല കച്ചവടക്കാരുടെ ഏജന്റുമാരായി ഭരണനേതൃത്വം മാറിയതായും എല്‍.ഡി.എഫ് ആരോപിക്കുന്നുണ്ട്‌.

Description: Allegations of corruption in the purchase of land for the stadium; Responding President of Tiruvallur Gram Panchayat