മുസ്‌ലിം ലീഗ് നേതാവ് തിക്കോടി പഞ്ചായത്ത് ബസാറില്‍ റോഡ് കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന് ആരോപണം; പഞ്ചായത്തില്‍ പരാതി നല്‍കി ഡി.വൈ.എഫ്.ഐ


തിക്കോടി: തിക്കോടിയിലെ മുസ്‌ലിം ലീഗ് നേതാവ് റോഡ് കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചതായി പരാതി. മുസ്‌ലിം ലീഗ് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദിനെതിരെ ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖല കമ്മിറ്റിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

തിക്കോടി പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ പഞ്ചായത്ത് ബസാര്‍ മുതല്‍ കല്ലകത്ത് ബീച്ച് റോഡിന് അരികിലായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെയാണ് പരാതി. റോഡിനോട് ചേര്‍ന്നാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും റോഡും കെട്ടിടവും തമ്മില്‍ മൂന്നുമീറ്റര്‍ അകലം വേണമെന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനല്‍കിയതായി ഡി.വൈ.എഫ്.ഐ അറിയിച്ചു.