ആയഞ്ചേരി ടൗണിൽ പ്രാഥമിക സൗകര്യങ്ങളില്ലെന്ന് ആക്ഷേപം; ശൗചാലയവും യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രവും നിർമ്മിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി രം​ഗത്ത്


ആയഞ്ചേരി: ആയഞ്ചേരി ടൗണിൽ ദിവസേനയെത്തുന്ന നൂറു കണക്കിന് യാത്രക്കാർക്ക് പ്രാഥമികാവശ്യത്തിന് പോലും സൗകര്യമേർപ്പെടുത്താൻ സാധിക്കാത്ത ഗ്രാമപഞ്ചായത്ത് അധികൃതർ തികഞ്ഞ പരാജയമാണെന്ന് കോൺഗ്രസ് എസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി. ഭരണ കാലാവധി കഴിയുന്നതിന് മുമ്പ് ടൗണിലെത്തുന്ന സ്ത്രീ യാത്രക്കാരടക്കമുള്ളവർക്കായി ടൗണിൽ ശൗചാലയവും വിശ്രമ കേന്ദ്രവും നിർമ്മിക്കാൻ ഭരണസമിതി അടിയന്തിര നടപടി സ്വീകരിക്കണം. ആയഞ്ചേരി മണ്ഡലം കോൺഗ്രസ് എസ് പ്രവർത്തക സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്.

വർഷങ്ങൾക്ക് മുമ്പ് മത്തായി ചാക്കോ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് സ്റ്റാൻ്റ് ഇന്നും ഉപയോഗ്യശൂന്യമായി കിടക്കുന്നതും അന്തിമയങ്ങിയാൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നതും പഞ്ചായത്ത് ഭരണ സമിതിയുടെ കൊള്ളരുതായ്മയാണെന്ന് യോഗം കുറ്റപ്പെടുത്തി. ആയഞ്ചേരി ടൗണിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇനിയും അമാന്തം കാണിച്ചാൽ ഭരണ സമിതിക്കെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും യോഗത്തിൽ പറഞ്ഞു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കരീം സി കെ ചേറ്റുകൊട്ടി അധ്യക്ഷത വഹിച്ചു. കരീം പിലാക്കി , അഷ്റഫ് ടി.എം സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ പി.കെ സ്വാഗതവും മുഹമ്മദ് എം.കെനന്ദിയും പറഞ്ഞു.

Description: Allegation of lack of basic facilities in Ayanchery town; The Congress S. Ayanchery Mandal Committee has demanded that a toilet and a rest center for passengers be built