ജനങ്ങളുടെ യാത്രാസൗകര്യത്തെ പരിഗണിച്ചില്ല, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്നത് അശാസ്ത്രീയ വാർഡ് വിഭജന’മെന്ന് ആരോപണം; പരാതി നൽകാനൊരുങ്ങി കോണ്‍ഗ്രസ്
വില്ല്യാപ്പള്ളി: അശാസ്ത്രീയമായ വാർഡ് വിഭജനമാണ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്നതെന്ന് വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. പല വാർഡുകളും ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന രീതിയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. വാർഡ് 6 അരയാക്കൂൽ, വാർഡ് 7 വില്ല്യാപ്പള്ളി, വാർഡ് 16 ലോകനാർകാവ്, വാർഡ് 18 ചല്ലിവയൽ തുടങ്ങിയ 7 വാർഡുകൾ വിഭജിച്ചത് ജനങ്ങളുടെ യാത്രാസൗകര്യത്തിനെ പരിഗണിക്കാതെയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മാത്രമല്ല പോളിംഗ് സ്റ്റേഷനുകളായി പരിഗണിക്കാൻ കഴിയുന്ന പൊതുസ്ഥാപനങ്ങളില്ലാത്ത വാർഡുകളും നിലവിലുണ്ട്. പല വാർഡുകളും വിഭജിക്കുമ്പോൾ ജനങ്ങളുടെ പരസ്പര ബന്ധത്തെയോ യാത്രാ സൗകര്യങ്ങളോ പരിഗണിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചിട്ടുള്ളതാണ്. മുൻകാലങ്ങളിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് വാർഡ് വിഭജനത്തിന്റെ നിർദ്ദേശം നൽകാൻ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറി നൽകുന്ന കരട് പട്ടികയ്ക്ക് ആക്ഷേപം നൽകാനുള്ള അവസരം മാത്രമാണ് ഇത്തവണ നൽകിയിട്ടുള്ളത്. ഇങ്ങനെ ചെയ്തതുകൊണ്ടാണ് വലിയ അപാകതകൾ വാർഡ് വിഭജനത്തിൽ സംഭവിച്ചതെന്നും യോഗം അഭിപ്രായപ്പെട്ടു.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ പരാതി നൽകാനും പരിഗണിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനും വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് സി.പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.ഭാസ്‌കരൻ, വി.ചന്ദ്രൻ, എൻ.ശങ്കരൻ, എം.പി. വിദ്യാധരൻ, എൻ.ബി. പ്രകാശ് കുമാർ, വി.കെ ബാലൻ, വി.കെ.പ്രകാശൻ, അമീർ.കെ.കെ, വി.പ്രദീപ് കുമാർ, വി.മുരളീധരൻ, രാജീവൻ കോളോറ, പ്രശാന്ത്.എം.ടി, സുധീഷ്. കെ.എം, ഹരിദാസ് വി.പി എന്നിവർ പ്രസംഗിച്ചു.
Description: Allegation of ‘illegal ward division’ in Villyapalli Gram Panchayat; Congress