ജനകീയ കർമസമിതിയുടെ പരാതി; അരിക്കുളത്തെ എം.സി.എഫ് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍


അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്ക്കാലികമായി നിര്‍ത്തി വെക്കാന്‍ പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനാല്‍ പുറമ്പോക്കില്‍ എം.സി.എഫ് നിര്‍മ്മിക്കുന്നതിനെയും അന്‍പത് ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടത്തിന് ഏഴ് ലക്ഷത്തിലേറെ രൂപ ചെലവഴിക്കുന്നതിടെ ധൂര്‍ത്തും ചൂണ്ടിക്കാട്ടി ജനകീയ കര്‍മസമിതി കണ്‍വീനര്‍ സി.രാഘവന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വര്‍ഷങ്ങളായി കായിക വിനോദത്തിനും പൊതുപരിപാടികള്‍ക്കും ഉപയോഗിച്ച് വരുന്ന കനാല്‍ പുറമ്പോക്കില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ എം.സി.എഫ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം വിളിച്ചു ചേര്‍ത്ത സ്‌പെഷല്‍ ഗ്രാമസഭ പ്രമേയം പാസാക്കിയിരുന്നു. 117അംഗങ്ങള്‍ പങ്കെടുത്ത ഗ്രാമസഭയില്‍ 116അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു.

എന്നാല്‍ പഞ്ചായത്ത് ഭരണസമിതി ഗ്രാമസഭാ തീരുമാനം വകവെക്കാതെ എം.സി.എഫ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. ഇതിനെതിരെ പ്രദേശത്തുകാര്‍ നടത്തിയ രാപ്പകല്‍ സമരം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. പൊലീസിന്റെ സഹായത്തോടെ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് എം.സി.എഫ് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.

അരിക്കുളം ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് 7.71 ലക്ഷം രൂപയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. അന്‍പത് ചതുരശ്ര മീറ്ററില്‍ റൂഫിങ് ഷീറ്റ് മേല്‍ക്കൂരയിലാണ് എം.സി.എഫ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇത്രയും ചെറിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഇത്ര ഭീമമായ തുക ചെലവഴിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. നാല് പേര്‍ക്ക് നിന്ന് തിരിയാന്‍ പോലും സ്ഥലമില്ലാത്ത ഇത്രയും ചെറിയ കെട്ടിടത്തില്‍ 13 വാര്‍ഡുകളിലെ പ്‌ളാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ എങ്ങനെ സംഭരിക്കും എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

ജനകീയ കര്‍മസമിതി കണ്‍വീനറുടെ പരാതിയില്‍ കഴിഞ്ഞദിവസം നടന്ന സിറ്റിങ്ങില്‍ ഗ്രാമസഭാ തീരുമാനം അട്ടിമറിച്ചതിനെതിരെ പരാമര്‍ശം ഉണ്ടാവുകയും പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെക്കൂടി എതിര്‍കക്ഷികളാക്കി ചേര്‍ത്ത് വിസ്തരിക്കാന്‍ കേസ് ജൂലായ് മാസം ആറാം തിയ്യതിയിലേക്ക് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട് .

ജലസേചന വകുപ്പ് വിട്ടുനല്‍കിയ അഞ്ച് സെന്റ് ഭൂമിയിലാണ് എം.സി.എഫിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. ജില്ലാ കളക്ടര്‍ പത്തു സെന്റ് ഭൂമി താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ജലസേചന വകുപ്പിനോട് ആവശ്യ പെട്ടിരുന്നു എങ്കിലും അഞ്ച് സെന്റ് സ്ഥലമാണ് പഞ്ചായത്തിന് വിട്ടു നല്‍കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും ലഭ്യമായ വിവരവകാശ രേഖ പ്രകാരം അരിക്കുളം ഗ്രാമപഞ്ചായത്ത് എം.സി.എഫ് നിര്‍മാണം പൂര്‍ത്തിയാക്കിയ പഞ്ചായത്ത് ആണ് അറിയിച്ചിട്ടുമുണ്ട്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ 385 A കെട്ടിട നമ്പറായുള്ള ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിലവില്‍ താത്കാലിക എം.സി.എഫ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരാവകാശരേഖ പ്രകാരം വ്യക്തമാണെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.

കെട്ടിടത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താന്‍ സംവിധാനവും ഇല്ല. കിണര്‍ കുഴിക്കാന്‍ ജലസേചന വകുപ്പ് അനുമതി നല്‍കിയിട്ടുമില്ല. എം.സി.എഫിന് സ്ഥിരമായ കെട്ടിടം പണിയാനുള്ള സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞ നാല് വര്‍ഷമായി പഞ്ചായത്ത് ഭരണസമിതിയ്ക്ക് സാധിച്ചിട്ടുമില്ല. നിലവില്‍ താല്‍ക്കാലികമായി പഞ്ചായത്തിന്റെ അധീനതയില്‍ കെട്ടിടം ഉണ്ടെന്നിരിക്കെ ഗ്രാമസഭാ പ്രമേയം വകവെക്കാതെ മറ്റൊരു വകുപ്പിന്റെ ഭൂമിയില്‍ താല്‍ക്കാലിക എം.സി.എഫ് നിര്‍മ്മിച്ച് ധനം ധൂര്‍ത്തടിക്കുന്ന നടപടിയെ ആണ് ഓംബുഡ്‌സ്മാന്‍ മുമ്പാകെ ചോദ്യംചെയ്തിരുന്നത്.