യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കോവിഡ് കാരണം സര്‍വ്വീസ് നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ അവസാന ട്രെയിനും ഓടിത്തുടങ്ങി; സ്വീകരണം നല്‍കി യാത്രക്കാരുടെ കൂട്ടായ്മ


കോഴിക്കോട്: കോവിഡ് മഹാമാരി കാരണം നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ മുഴുവന്‍ ട്രെയിനുകളും സര്‍വ്വീസ് പുനരാരംഭിച്ചു. സ്പെഷ്യല്‍ എക്സ്പ്രസായി ഓടിത്തുടങ്ങിയ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ കൂടി സര്‍വ്വീസ് ആരംഭിച്ചതോടെയാണ് മലബാറില്‍ മുഴുവന്‍ ട്രെയിനുകളും പുനഃസ്ഥാപിക്കപ്പെട്ടത്.

മലബാറിലെ യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ പാലക്കാട് ഡിവിഷനില്‍ നിര്‍ത്തിവച്ച എല്ലാ പാസഞ്ചര്‍ ട്രെയിനുകളും എത്രയും പെട്ടെന്ന് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും മന്ത്രിമാരെയുമെല്ലാം നേരില്‍ കണ്ടും ഇ-മെയില്‍ വഴിയുമെല്ലാം അസോസിയേഷന്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ റെയില്‍വേ നടപ്പിലാക്കിയത്.

വീണ്ടും ഓടിത്തുടങ്ങിയ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനിന് മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മയായ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. മലബാറിലെ എല്ലാ വണ്ടികളും പുനഃസ്ഥാപിച്ചതിന് റെയില്‍വേ മന്ത്രിയെയും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരെയും പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരെയും അസോസിയേഷന്‍ അഭിനന്ദിച്ചു. ലോക്കോ പൈലറ്റുമാര്‍ക്ക് ബൊക്ക നല്‍കിയും മധുരം വിതരണം ചെയ്തുമാണ് അസോസിയേഷന്‍ ട്രെയിനിനെ വരവേറ്റത്.

അതേസമയം വണ്ടികളുടെ സമയമാറ്റം എല്ലാ യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.

മലബാര്‍ ട്രെയിന്‍ പാസഞ്ചഴ്സ് വെല്‍ഫെയര്‍ അസാസിയഷന്‍ പ്രസിഡന്റ് കെ.രഘുനാഥ് അരിയല്ലൂര്‍, സെക്രട്ടറി ഫിറോസ് കാപ്പാട്, ട്രഷറര്‍ പി.പി.അബ്ദുല്‍റഹ്‌മാന്‍ വള്ളിക്കുന്ന്, വൈസ് പ്രസിഡന്റ് കെ.കെ.അബ്ദുല്‍ റസാഖ് ഹാജി, ഉണ്ണികൃഷ്ണന്‍ അത്താണിക്കല്‍, ഹാരിസ് കോയ പെരുമണ്ണ, രാമനാഥന്‍ വേങ്ങരി, സുദര്‍ശന്‍ കോഴിക്കോട്, വിജയന്‍ കുണ്ടുപറമ്പ്, പ്രമോദ് കല്ലായി, സുനില്‍കുമാര്‍ കുന്നത്ത്, സജിത്ത് കണ്ണാടിക്കല്‍, ജസ്വന്ത് കുമാര്‍, സീനത്ത്, കൃഷജ നടക്കാവ്, ദീപ പുഴക്കല്‍ പാലാഴി, ഡോ. സീന കടലുണ്ടി, പ്രമോദ് കുമാര്‍ പന്നിയങ്കര, സിന്ധു കല്ലായി, സത്യന്‍, ഷാജി, രാജീവ് അരിയല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

summery: all trains in the malabar region, which were suspended due to covid, have resumed service