കരുതല്‍മേഖല, ചക്കിട്ടപ്പാറ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം; പഞ്ചായത്തിന്റെ സവിശേഷസാഹചര്യം ശ്രദ്ധയില്‍പ്പെടുത്താനായി സുപ്രീംകോടതിയെ സമീപിക്കാനും പരാതികള്‍ നല്‍കുന്നതിന് 13 ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കാനും തീരുമാനം, യു.ഡി.എഫ്. യോഗം ബഹിഷ്‌കരിച്ചു


പേരാമ്പ്ര: കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. മലബാര്‍ വന്യജീവിസങ്കേതത്തിന്റെ കരുതല്‍മേഖല നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തിന്റെ സവിശേഷസാഹചര്യം ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് സംബന്ധിച്ച അപാകങ്ങളില്‍ പരാതികള്‍ നല്‍കുന്നതിന് സഹായം നല്‍കാന്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 13 ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കാനും നിശ്ചയിച്ചു.

ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാരെ നിയോഗിക്കുകയും ലാപ്ടോപ്പ്, പ്രിന്റര്‍ സംവിധാനമൊരുക്കുകയും ചെയ്യും. പരാതി നല്‍കാനാവശ്യമായ 3000-ത്തോളം ഫോറങ്ങള്‍ വിതരണംചെയ്യും. ഭിന്നശേഷിക്കാരും കിടപ്പുരോഗികളും മാത്രമുള്ള വീടുകളില്‍നിന്ന് ഫോറം വീട്ടില്‍പോയി സ്വീകരിക്കാന്‍ വാഹനത്തോടെ പ്രത്യേക സംഘത്തെ നിയോഗിക്കും.

റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവും ഇതിനായി തേടും. ഈ മാസം 23-നകം പരാതികള്‍ ബന്ധപ്പെട്ടവരുടെ അരികിലെത്തിക്കാന്‍ നടപടിസ്വീകരിക്കും. ഭരണസമിതി യോഗവും ഇക്കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സി.കെ.ശശി, ഇ.എം.ശ്രീജിത്ത്, എ.ജി.ഭാസ്‌കരന്‍, പി.സി. സുരാജന്‍, പി.പി.രഘുനാഥ്, പള്ളുരുത്തി ജോസഫ്, വി.വി.കുഞ്ഞിക്കണ്ണന്‍, ബോസ് ചെമ്പനോട, പി.എം.ജോസഫ്, വിജു ചെറുവത്തൂര്‍, ബേബി കാപ്പുകാട്ടില്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം സര്‍വകക്ഷിയോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചു. സംസ്ഥാനസര്‍ക്കാരിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും കരുതല്‍മേഖല വിഷയത്തിലുള്ള ഇരട്ടത്താപ്പിലും അലംഭാവത്തിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. മലയോര കര്‍ഷകജനതയോട് പ്രതിബദ്ധതയില്ലാത്ത രീതിയിലാണ് പഞ്ചായത്ത് ഈ കാര്യത്തില്‍ ഇടപെട്ടതെന്നും യു.ഡി.എഫ്. കുറ്റപ്പെടുത്തി.

പി. വാസു, രാജീവ് തോമസ്, കുഞ്ഞമ്മദ് പെരിഞ്ചേരി, ജെയിംസ് മാത്യു, സുഭാഷ് തോമസ്, ഷാരോണ്‍ പൂഴിത്തോട്, വി.കെ. അസ്സന്‍കുട്ടി, ജോസ് വട്ടോട്ടുതറപ്പേല്‍ എന്നിവരും യു.ഡി.എഫ്. ജനപ്രതിനിധികളുമാണ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോക്ക് നടത്തിയത്.