‘മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയ ലക്ഷണങ്ങളില്ല, ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹത’; കൂരാച്ചുണ്ടിലെ ജംഷീദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സര്‍വ്വകക്ഷി യോഗം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വട്ടച്ചിറ ഉള്ളിക്കാക്കുഴി ജംഷീദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കര്‍ണാടകയിലെ മൈസൂരിനടുത്ത് സംശയാസ്പദമായ രീതിയില്‍ മരിച്ചതില്‍ ബന്ധുക്കള്‍ക്കും, പൊതുജനങ്ങള്‍ക്കും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള – കര്‍ണാടക സര്‍ക്കാരുകള്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടത്. ഇതിനായി എം.പി, എം.എല്‍.എ, എന്നിവരെ നേരില്‍കണ്ട് സര്‍ക്കാര്‍ തലത്തില്‍ നിയമപരമായ സാധ്യത തേടുന്നതിനും യോഗം തീരുമാനിച്ചു.
കര്‍ണാടകത്തിലെ മാണ്ഡ്യയിലാണ് ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജംഷീദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ട്രെയിന്‍ തട്ടിയാണ് മരണമെന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ട്രെയിന്‍ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ജംഷീദിന്റെ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുണ്ട്. മരണ ശേഷമാണ് ഫോണ്‍ നഷ്ടമായെന്നവിവരമറിയുന്നത്. സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഒ.കെ. അമ്മദ്, ജോണ്സണ് താന്നിക്കല്‍, കെ.ജി. അരുണ്‍, വി.എസ്. ഹമീദ്, ഷിബു കട്ടയ്ക്കല്‍, സൂപ്പി തെരുവത്ത്, പഞ്ചായത്തംഗങ്ങളായ വിന്‍സി തോമസ്, ഡാര്‍ളി അബ്രാഹം, സിമിലി ബിജു, സണ്ണി പുതിയകുന്നേല്‍, വിജയന് കിഴക്കയില്‍മീത്തല്‍, എന്‍.ജെ.ആന്‍സമ്മ, വ്യാപാരി പ്രസിഡന്റ് സണ്ണി പാരഡൈസ്, അലി പുതുശേരി, ജലീല്‍ കുന്നുംപുറം എന്നിവര്‍ പ്രസംഗിച്ചു.