തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്തുക; എഐടിയുസി വടക്കൻ മേഖലാ തൊഴിലാളി പ്രക്ഷോഭ ജാഥ ശനിയാഴ്ച വടകരയിൽ
വടകര: എഐടിയുസി വടക്കൻ മേഖലാ തൊഴിലാളി പ്രക്ഷോഭ ജാഥയ്ക്ക് ശനിയാഴ്ച വടകരയിൽ സ്വീകരണം നൽകും. ഒരുക്കങ്ങൾ പൂർത്തിയായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജനവരി 17 ന് ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായാണ് ജാഥ പര്യടനം നടത്തുന്നത്.
സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസാണ് വടക്കൻ മേഖല ജാഥയ്ക്ക് നേതൃത്വം നൽകുന്നത്. ഉച്ചക്ക് 2.30 ഓടെ പുതിയ ബസ് സ്റ്റാന്റിൽ തയാറാക്കുന്ന വേദിയിലാണ് സ്വീകരണം. ടി ജെ ആഞ്ചലോസ്, ഉപ ലീഡർ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ തുടങ്ങിയവർ സംസാരിക്കും.