എഐ ക്യാമറകൾ വീണ്ടും പണി തുടങ്ങി! റോഡിലൂടെ പോകുമ്പോള്‍ സൂക്ഷിച്ചോളൂ, നിയമം ലംഘിച്ചാല്‍ നോട്ടീസ് വീട്ടിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ ഗതാഗത നിയമലംഘനം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ വീണ്ടും പണി തുടങ്ങിയതായി റിപ്പോര്‍ട്ട്. ക്യാമറകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് നല്‍കേണ്ട കുടിശ്ശിക സര്‍ക്കാര്‍ നല്‍കിയതോടെയാണ് നിയമലംഘിക്കുന്നവര്‍ക്ക് നോട്ടീസ് അയക്കാന്‍ തുടങ്ങിയത്.
കെല്‍ട്രോണിനായിരുന്നു നോട്ടീസ് അയക്കുന്നതിനുള്ള ചുമതല. ഒരുവര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാര്‍. എന്നാല്‍, നിയമലംഘനം കൂടുതലായതിനാല്‍ 50 ലക്ഷത്തിലധികം നോട്ടീസ് അയക്കേണ്ടിവന്നു. ഇതിന് ചെലവായ അധികതുക ഗതാഗതവകുപ്പ് കൈമാറാതായതോടെ നോട്ടീസ് അയക്കുന്നത് ഇടയ്ക്കാലത്ത് നിര്‍ത്തിയിരുന്നു. കുടിശ്ശിക കൊടുത്തുതീര്‍ത്തതോടെ വീണ്ടും നോട്ടീസ് അയക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നോട്ടീസ് അയക്കുന്നത് നിര്‍ത്തിവച്ചെങ്കിലും എഐ കാമറകള്‍ കണ്ണടച്ചിരുന്നില്ല. പിഴചുമത്തിയുള്ള അറിയിപ്പ് വാഹന ഉടമകള്‍ക്ക് എസ്എംഎസ് മുഖേന നല്‍കിയിരുന്നു. ഇത് അവഗണിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് രജിസ്‌ട്രേഡ് തപാല്‍ അയക്കുന്ന നടപടി പുനഃസ്ഥാപിച്ചത്.
എം പരിവാഹന്‍ എന്ന മൊബൈല്‍ ആപ്പിലൂടെ വാഹനങ്ങള്‍ക്ക് പിഴയുണ്ടോ എന്ന് അറിയുവാന്‍ കഴിയും. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനായി ഇ-ചെല്ലാന്‍ വെബ്‌സൈറ്റില്‍ തന്നെ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തത് മൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ടും പിഴ അടയ്ക്കാവുന്നതാണ്.
Summary: AI cameras have started working again