എ ഐ ക്യാമറയ്ക്ക് വീണ്ടും പിഴവ്; പേരാമ്പ്രയില്‍ സ്ഥാപനം നടത്തുന്ന കാര്‍ ഉടമയ്‌ക്കെതിരെ ഹെല്‍മറ്റിലാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ


പേരാമ്പ്ര: ഹെല്‍മറ്റ് ധരിക്കാത്തതിന് കാറുകാരനെതിരെ പെറ്റിയടിച്ച് എ.ഐ ക്യാമറ. പേരാമ്പ്രയില്‍ സ്ഥാപനം നടത്തുന്ന പാനൂര്‍ സ്വദേശി ഹിഷാമിനെതിരെയാണ് പിഴ സംബന്ധിച്ച സന്ദേശം വന്നത്. കാര്‍ മാത്രമുള്ള ഹിഷാമിന് ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് പിഴ വന്നത്.

ഹിഷാമിന് ഒരു ഇന്നോവ കാറാണുള്ളത്. മഞ്ചേരിയില്‍ KL 58 A 3040 എന്ന നമ്പരിലുള്ള ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റില്ലെന്നാണ് ലഭിച്ച സന്ദേശത്തില്‍ പറയുന്നത്. നിയമലംഘനത്തിന് 500 രൂപ പിഴയടക്കാനാണ് മൊബൈലില്‍ അറിയിപ്പ് കിട്ടിയത്. ജൂണ്‍ 24 നാണ് ബൈക്ക് ഓടിച്ചതായി കാണിക്കുന്നത്. എന്നാല്‍ ഈ ദിവസം ഹിഷാം പേരാമ്പ്രയില്‍ തന്നെയുണ്ടായിരുന്നു.


അയച്ച സന്ദേശത്തിലെ ബൈക്കിന്റെ ഫോട്ടോയില്‍ KL 18 AB 3040 എന്ന നമ്പറാണ് കാണുന്നത്. നോട്ടീസ് അയക്കുമ്പോള്‍ കൃത്യത പാലിച്ചില്ലെങ്കില്‍ നിയമം പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പ്രയാസമാവുമെന്നാണ് ഹിഷാം പറയുന്നത്.

പരാതിയുമായി തലശ്ശേരി ആര്‍ ടി.ഒ ഓഫീസുമായി ബന്ധപ്പെട്ടവരെ ഹിഷാം കണ്ടെങ്കിലും ഇതു സംബന്ധിച്ച് കത്തയക്കാനാണ് മറുപടി കിട്ടിയത്.