ചക്കിട്ടപ്പാറയിലെ കർഷിക-ടൂറിസം മേഖല പുതിയ ഉയരങ്ങളിലേക്ക്; നിക്ഷേപ സാധ്യതകൾ തേടി വിദഗ്ധ സംഘം


ചക്കിട്ടപ്പാറ: യുഎഇ റൂളിംഗ് ഫാമിലി അംഗവും അന്താരാഷ്ട്ര വ്യവസായിയുമായ ഹിസ് എക്‌സലന്‍സി – അൽ മുഹമ്മദ് അബ്ദുല്ല മസൂക്കി, കോമൺവെൽത്ത് ട്രേഡ് കമ്മീഷണറും വ്യവസായിയുമായ ഡോക്ടർ വർഗീസ് മൂലൻ, പിറവം അഗ്രോ കമ്പനി ഡയറക്ടർ ബൈജു എന്നിവർ ചക്കിട്ടപ്പാറയില്‍ സന്ദര്‍ശനം നടത്തി. കാർഷിക രംഗത്തും ടൂറിസം രംഗത്തും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ഉത്തരവാദിത്വ കർഷികടൂറിസം രംഗത്ത് വൻ നിക്ഷേപ സാധ്യതകൾ തേടി സംഘം സന്ദര്‍ശനം നടത്തിയത്‌.

സംഘം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും, സാമൂഹ്യ കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടന പ്രവർത്തകരും ആയി പെരുവണ്ണാമൂഴി ഇറിഗേഷൻ ഐ ബിയിൽ വച്ച് വിശദമായ ചർച്ച സംഘടിപ്പിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ നിക്ഷേപ സാധ്യതകൾ ലക്ഷ്യമാക്കുന്ന പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് ഗ്രാമപഞ്ചായത്തിന് അൽ മുഹമ്മദ് അബ്ദുല്ല മസൂകി സമർപ്പിച്ചു.

റിപ്പോർട്ട് സംസ്ഥാന ടൂറിസം ഇൻഫ്രാസ്ട്രക്ചർ വികസന ബോർഡ് ചെയർമാൻ എസ്.കെ സജീഷ് ഏറ്റുവാങ്ങി. പ്രതിനിധി സംഘം പെരുവണ്ണാമൂഴി ഡാം സൈറ്റ്, നരിനട എന്നീ ഭാഗങ്ങൾ സന്ദർശിച്ചു. വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ബൈജുനാഥിൻ്റെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തിന് ബോട്ട് സഫാരിയും പദ്ധതി മേഖല പരിചയപെടുത്തി നൽകുകയും ചെയ്തു. ഇറിഗേഷൻ എഇയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

വൈസ് പ്രസിഡണ്ട്‌ ചിപ്പി മനോജ്, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ഇ.എം ശ്രീജിത്ത്, ശശി സി.കെ, അംഗങ്ങളായ ബിന്ദു സജി, ആലിസ് മാത്യു, രാജേഷ് തറവട്ടത്ത്, പ്ലാനിംഗ് കമ്മറ്റി ഉപാധ്യക്ഷൻ പി.സി സുരാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Summary: Agriculture-tourism sector in Chakkittappara to new heights; Expert team looking for investment opportunities