വേനല്‍ച്ചൂട് കടുത്തു; മരുതോങ്കരയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു


കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന് അങ്ങാടിയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയില്‍ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്.

വൈകുന്നേരത്തോടെ ശരീരത്തിനുപുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.എം.സിയിലെ ഡോക്ടറുടെ പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 11മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ തുടര്‍ച്ചയായി വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കരുതണം. ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.

ദാഹമില്ലെങ്കില്ലെങ്കിലും വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കണം എന്നു തുടങ്ങുന്നതാണ് നിര്‍ദ്ദേശങ്ങള്‍.

summary: Agricultural worker in Maruthonkara suffering from sunburn