‘എന്നു തീരും ഈ ആനപ്പക’; പി.കെ ദിവാകരനെ സി.പി.എം ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അണികളുടെ പ്രതിഷേധം പുകയുന്നു
വടകര: വടകരയിലെ സിപിഎംൻ്റെ പ്രമുഖ നേതാവ് പി.കെ.ദിവാകരനെ പാർട്ടി ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അണികളുടെ പ്രതിഷേധം തുടരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും സിപിഎം വടകര ഏരിയ സെക്രട്ടറിയായും തിളങ്ങിയ നേതാവാണ് പി. കെ.ദിവാകരൻ. പ്രായപരിധിയോ അച്ചടക്ക നടപടിയോ ഏതാണ് കാരണമെന്ന ചോദ്യമാണ് കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അണികൾ ഉയർത്തുന്നത്.
പി.കെ.ദിവാകരനെ എന്തിന്റെ പേരിൽ ഒഴിവാക്കി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. 75 വയസാണ് തെരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിലിരിക്കാൻ സിപിഎമ്മിലെ ഉയർന്ന പ്രായപരിധി എന്നിരിക്കെ പി.കെ.ദിവാകരന് 60 വയസേയുള്ളൂ. അതുകൊണ്ട് പ്രായപരിധിയല്ലെന്ന് വ്യക്തമാണ്. എങ്കിൽ പിന്നെന്താണ് കാരണമെന്നാണ് അണികൾ ചോദിക്കുന്നത്. പുതിയ ജില്ലാ കമ്മറ്റി അംഗങ്ങൾ ആരൊക്കെയാണെന്ന് വിശദീകരിച്ചുകൊണ്ട് നടന്ന വാർത്താ സമ്മേളനത്തിൽ പി.കെ.ദിവകരനെ സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ വ്യക്തമായ മറുപടി നൽകാൻ പുതിയ സെക്രട്ടറി എം.മെഹബൂബിനോ മുൻ സെക്രട്ടറി പി.മോഹനനോ കഴിഞ്ഞില്ല.
പി.കെ.ദിവാകരനെ ഒഴിവാക്കിയ വിഷയം വിവിധ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ സജീവ ചർച്ചയാകുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ദിവാകരൻ്റെ സ്വന്തം സ്ഥലമായ മണിയൂരിലാണ് ഇത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. വടകര സഖാക്കൾ എന്ന പേരിലാണ് പാർട്ടി നേതൃത്വത്തിനോടുള്ള ചോദ്യങ്ങൾ പ്രചരിക്കുന്നത്. ഡി.വൈ.എഫ്.ഐ ചെല്ലാട്ടുപൊയിൽ എന്ന ഫേസ്ബുക്ക് പേജിൽ വന്ന പ്രധിഷേധക്കുറിപ്പ് നേതൃത്വം ഇടപെട്ടിട്ടാവണം പിന്നീട് നീക്കം ചെയ്തു.
വടകരയിലെ സിപിഎമ്മിന്റെ ഉജ്വലനായ പ്രഭാഷകനായാണ് പി.കെ.ദിവാകരൻ അറിയപ്പെടുന്നത്. കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിന് കഴിവുള്ള നേതാവ്. തെരഞെടുപ്പ് സമയങ്ങളിൽ ഓടി നടന്ന് പ്രസംഗിക്കുന്നയാൾ. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തും നാട്ടുകാരനും മണിയൂർ പഞ്ചായത്ത് പ്രസിഡൻറുമായ ടി.കെ.അഷ്റഫ് ഈ കഴിഞ്ഞ വടകര ഏരിയ സമ്മേളനത്തിൽ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. അഷറഫിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പി.കെ.ദിവാകരൻ തയ്യാറായില്ലെന്നതാണ് വലിയ കുറ്റമായി പാർട്ടി കാണുന്നതെന്നാണ് അണിയറ വർത്തമാനം.
ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പേര് അടങ്ങിയ പാനൽ സെക്രട്ടറി അവതരിപ്പിച്ചപ്പോൾ പി.കെ.ദിവാകരനെ ഒഴിവാക്കിയത് സംബന്ധിച്ച് വിശദീകരണം പോലും ഉണ്ടായില്ലെന്നാണ് വിവരം. ചോദ്യവും ഉയർന്നില്ല. പി.കെ. ദിവാകരനെ ഒഴിവാക്കിയതു പോലെ വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു ജില്ലാ കമ്മിറ്റിയിൽ എത്തിയതും സോഷ്യൽമീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്. ലോക്കൽ കമ്മിറ്റി അംഗം മാത്രമായിരുന്ന കെ.പി.ബിന്ദുവിന് ഡബിൾ പ്രമോഷനാണ് കിട്ടിയത്. ഈ കഴിഞ്ഞ ഏരിയ സമ്മേളനത്തില്ലാണ് ബിന്ദു ഏരിയ കമ്മറ്റിയിൽ എത്തിയത് പിന്നാലെ അപ്രതീക്ഷിതമായി ജില്ലാ കമ്മിറ്റിയിലുമെത്തി.
ജില്ലാ കമ്മറ്റി തെരഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വരും ദിവസങ്ങളിൽ നേതൃത്വത്തിന് അണികളോട് വിശദീകരിക്കേണ്ടി വരും. വിഭാഗീയത അവസാനിച്ചു എന്നു പറയുന്ന പാർട്ടി നേതൃത്വം തന്നെ വിഭാഗീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്നതാണ് പ്രധാന ആക്ഷേപമായി ഉയരുന്നത്.
Summary: Against the exclusion of PK Divakaran from the district committee of the CPM, the protest of ranks on social media is fuming.