പത്തനംതിട്ടയ്ക്ക് പിന്നാലെ കോഴിക്കോടും സർക്കാർ ഓഫീസിനെതിരെ കൂട്ട അവധി ആരോപണം; ജീവനക്കാർ അവധിയെടുത്തത് സബ് കളക്ടറുടെ വിവാഹത്തിന് പോകാൻ
കോഴിക്കോട് : കോഴിക്കോട് സബ് കലക്ടർ ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി. കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായാണ് കോഴിക്കോട് സബ് കലക്ടര്‍ ഓഫീസിലും ജീവനക്കാരുടെ കൂട്ട അവധി നടക്കുന്നത്.
ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചാണ് വിവാഹം നടന്നത്. കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്.പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെപേരും.
കോന്നിയിലെ ജീവനക്കാർ അവധി എടുത്ത് പോയത് വിനോദയാത്രയ്ക്കായിരുന്നു. 39 പേരാണ് അവധി എടുത്തിരുന്നത്. എന്നാൽ സബ് കളക്ടറുടെ വിവാഹത്തിനായാണ് കലക്ടർ ഓഫീസിലെ 22 ജീവനക്കാർ അവധിയെടുത്ത് പോയത്. ഇതേ തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റിയെന്ന ആരോപണമാണ് ഉയർന്നത്.