കോഴിക്കോടിന് പിന്നാലെ തൃശ്ശൂരും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ഏഴാം ക്ലാസ്സുകാരി ചികിത്സയിൽ


തൃശ്ശൂർ: തൃശ്ശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി എറണാകുളത്ത് ചികിത്സയില്‍ ആണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി മൂന്നു കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ച പയ്യോളി തിക്കോടി സ്വദേശിയായ പതിനാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയതിനാൽ കുട്ടി അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചു വരുന്നു.

കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നുമാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ആദ്യമായാണ് തൃശ്ശൂരില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്.