കണ്ണൂക്കരയ്ക്ക് പിന്നാലെ അപകടം പതിയിരുന്ന് മൂരാടും; ഭീതിയോടെ ദേശീയ പാതയ്ക്ക് സമീപത്തെ വീട്ടുകാരും വാഹനയാത്രികരും



വടകര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞതിന് പിന്നാലെ ദേശീയ പാതയിൽ മൂരാടും അപകട ഭീഷണിയിലാണ്. ഒരാഴ്ച മുൻപാണ് ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം മണ്ണിടിഞ്ഞത്. ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷമാണ് ഇവിടെ മണ്ണിടിഞ്ഞതെന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 30 മീറ്ററോളം ഉയരത്തിൽ മണ്ണ് അടർന്ന് നേരെ പാതയിലേക്ക് പതിക്കുകയായിരുന്നു. ഇവിടെ വീണ്ടും കൂടുതൽ മണ്ണ് ഇടിയാൻ സാധ്യതയുണ്ട്.

ഹൈവേ നിർമാണ തൊഴിലാളികൾ ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ അറിയാതെ തോന്നുംപടി മണ്ണ് ഇടിച്ചു താഴ്ത്തുന്നതാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മേലെ കണ്ണൂക്കര സുരക്ഷയ്ക്കായി സോയിൽ നെറ്റ് ലെയ്നിങ് നടത്തിയ ശേഷമാണ് ഇപ്പോൾ മണ്ണിടിഞ്ഞത് . ഇത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തുകയാണ്. ഈ സുരക്ഷാ സംവിധാനം ശാശ്വതമെല്ലെന്നും ദേശീയ പാത അതോറിറ്റി അധികൃതർ കൃത്യമായ പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ പറയുന്നു.

മണ്ണിടിച്ചൽ അറിയിച്ചിട്ടും ദേശീയപാത അതോറിറ്റി അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപമുണ്ട്. നിർമാണ കമ്പിനിയായ വ​ഗാഡിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

 

മണ്ണിനൊപ്പം ഇലട്രിക് പോസ്റ്റും റോഡിലേക്ക്; മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ