‘കിടപ്പിലായിരുന്ന ഉപ്പയെ ശുശ്രുഷിച്ചിരുന്നത് അവനായിരുന്നു, ഒടുവിൽ അവന്റെ അപകടമറിയാതെ ബാപ്പയും ബാപ്പയുടെ മരണമറിയാതെ മകനും യാത്രയായി’; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തുറയൂർ തോലേരി അബ്ദുൽ മാജിദിന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങി വീടും നാടും
പയ്യോളി: ശനിയാഴ്ച ഉപ്പ ലോകത്തോട് വിട പറഞ്ഞു, ഞായറാഴ്ച മകനും. ബാപ്പയ്ക്ക് പിന്നാലെ മകനും യാത്രയായി എന്ന വാർത്ത ഏറെ നടുക്കത്തോടെയാണ് തോലേരിയിലെ നാട്ടുകാർ കേട്ടത്. ഹൃദയം നുറുങ്ങുന്ന ആ വാർത്ത ആർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന തോലേരി പുതുവയൽ അറഫയിൽ അബ്ദുൾ മാജിദ് ആണ് ഇന്നലെ വൈകിട്ട് മരണമടഞ്ഞത്. 25 വയസായിരുന്നു.
നാട്ടിലെ എല്ലാ പൊതു പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന യുവാവായിരുന്നു മജീദ്. ഉപ്പ ഒ.വി.അബ്ദുള്ള ഹാജിയുടെ പാത പിൻപറ്റി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏറെ ശുഷ്കാന്തിയോടെ പ്രവർത്തിച്ചു. കുവൈറ്റിലായിരുന്ന അബ്‌ദുള്ള നാട്ടിലെത്തി അധികം വൈകാതെ പക്ഷാഘാതം ഉണ്ടായി. അഞ്ചു വർഷത്തോളമായി സ്ട്രോക്ക് ആയി കിടന്നിരുന്ന ഉപ്പയെ പരിചരിച്ചിരുന്നത് അബ്ദുൽ മജീദായിരുന്നു എന്ന് ബന്ധുക്കൾ ഓർക്കുന്നു. കിടപ്പിലായിരുന്നെങ്കിലും ഉപ്പയുടെ ഓർമ്മകൾക്ക് മങ്ങൽ ഒട്ടും ഇല്ലായിരുന്നു, എന്നാൽ രണ്ടാഴ്ച മുൻപ് ഓർമ്മകളും നഷ്ടമായി തുടങ്ങി. ഇതിനു പുറകാലെ ആണ് മകന് അപകടം സംഭവിക്കുന്നത്. മകന്റെ അപകടം അറിയാതെ ഉപ്പയും ഉപ്പയുടെ മരണമറിയാതെ മകനും യാത്രയാവുകയായിരുന്നു.
ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു അബ്ദുള്ള. പയ്യോളി ഗൾഫ് ലീഗിന്റെ രക്ഷാധികാരി കൂടിയായിരുന്നു ഇയാൾ. എം.എസ്.എഫിൻ്റെ സജീവ പ്രവർത്തകനായിരുന്നു അബ്ദുൽ മജിദ്. തുറയൂർ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
ഒക്ടോബർ ആറാം തിയ്യതിയാണ് ഇടിഞ്ഞകടവിൽ വച്ച് മാജിദ് സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിൽ വരികയായിരുന്നു സ്കൂട്ടർ. മുന്നിലുള്ള ബസ് നിർത്തിയതിനെ തുടർന്ന് മറികടന്ന് പോവാനുള്ള ശ്രമത്തിനിടെ, പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീഹരി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം.
ഒരാഴ്ചയിലേറെയായി വെൻ്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു മാജിദ്. ഈ സമയത്താണ് ഉപ്പയുടെ മരണം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിന്നും പോസ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നടപടി ക്രമങ്ങൾ ആരംഭിച്ചതായി ബന്ധു പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മൃതദേഹം ഉച്ചയ്ക്ക് ശേഷം ചരിച്ചൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
മാതാവ്: ഖദീജ. സഹോദരങ്ങൾ: നഫീസ, ഫാത്വിമ, ഹാഫിള്, മുഹമ്മദ്, തർഖവി.
summary: after his father died in Toleri, his son also died in a car accident