എറണാകുളത്തെത്തി പരിശോധന നടത്തി; പത്രങ്ങളില്‍ പരസ്യം നല്‍കി; ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


മേപ്പയ്യൂര്‍: കാണാതായ കൂനംവള്ളിക്കാവ് സ്വദേശി ദീപക്കിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വീട്ടില്‍ നിന്നും എറണാകുളത്തേക്കെന്നു പറഞ്ഞാണ് ദീപക് തിരിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണ സംഘം എറണാകുളത്തെത്തി വ്യാപകമായ അന്വേഷണം നടത്തിയിരുന്നതായി മേപ്പയ്യൂര്‍ സി.ഐ ഉണ്ണിക്കൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇതുവരെ ദീപക്കിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ദീപക്കിനെ കാണാനില്ലെന്നുകാട്ടി പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്.

ജൂണ്‍ ആറിനാണ് ദീപക് വീട്ടില്‍ നിന്നും പോയത്. പിന്നീട് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പാതി നല്‍കിയിരുന്നു. ഇതിനിടെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ കണ്ടെത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ചത്.

ഡി.എന്‍.എ പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്റേതെന്നു തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് ദീപക്കിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്ക് ഒരു വര്‍ഷത്തോളമായി നാട്ടിലുണ്ടായിരുന്നു.

Summary: After concluding that Deepak is alive, the police intensified the investigation