മാംസാവശിഷ്ടങ്ങള്‍ പോലും അതിവേഗം കമ്പോസ്റ്റാകും, ജെെവ മാലിന്യങ്ങൾ ഇനി വലിച്ചെറിയേണ്ടിവരില്ല; മേപ്പയ്യൂരില്‍ എയ്റോബിക് കമ്പോസ്റ്റിങ് പദ്ധതിക്ക് തുടക്കമായി
മേപ്പയ്യൂര്‍: പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണായി സ്ഥാപിച്ച എയ്‌റോബിക് കമ്പോസ്റ്റിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്‍ ധനസഹായത്തോടെയാണ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചത്.
എയ്റോബിക് കമ്പോസ്റ്റില്‍ പച്ചക്കറി, മാംസം, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയ ജൈവ മാലിന്യങ്ങളാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ഇവ അതിവേഗം വളമാക്കി മാറ്റാമെന്നതാണ് എയ്റോബിക് കമ്പോസ്റ്റിന്റെ പ്രത്യേകത. മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് എയ്റോബിക് കമ്പോസ്റ്റ് സ്ഥാപിച്ചത്. ദിവസം 75-100 കിലോഗ്രാം ജൈവ മാലിന്യം നിക്ഷേപിക്കാന്‍ കഴിയുന്ന 1.20 മീറ്റര്‍ നീളവും വീതിയുമുള്ള അഞ്ച് ബിന്നുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചത്. ഇതില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ 40-60 ദിവസത്തിനുള്ളില്‍ വളമായി മാറും.
വായു കടക്കുന്ന പദ്ധതിയായതിനാല്‍ കമ്പോസ്റ്റിങ് നിര്‍മ്മാണ പരിസരത്ത് യാതൊരുവിധ ദുര്‍ഗന്ധവും ഉണ്ടാകുന്നില്ല. അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച് 1-2 ആഴ്ചകള്‍ക്കുള്ളില്‍ കമ്പോസ്റ്റ് ടാങ്കിലെ ഉഷ്മാവ് 70 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിനാല്‍ അവശിഷ്ടങ്ങളിലെ രോഗാണുക്കളെയും പരാദ മുട്ടകളെയും നശിപ്പിച്ചു കളയുന്നു. മേപ്പയ്യൂരില്‍ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ടൗണിലെ കടകളിലുള്ളവര്‍ക്ക് ജൈവ മാലിന്യം എളുപ്പത്തില്‍ സംസ്‌ക്കരിക്കാന്‍ കഴിയും. പഞ്ചായത്തിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്കാണ് നടത്തിപ്പ് ചുമതല. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് എയ്റോബിക് കമ്പോസ്റ്റിന്റെ നിര്‍മ്മാണ ചുമതല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. എസ്.ഇ.യു.എഫ് അസിസ്റ്റന്റ് ഡയരക്ടര്‍ നിഷ കെ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീശന്‍, വി.ഇ.ഒ വിപിന്‍ ദാസ്, അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ്, ഹരിത കര്‍മ്മസേന സെക്രട്ടറി പി.കെ റീജ, പഞ്ചായത്തംഗങ്ങള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Summary: Aerobic Composting Project Launched In Meppayyur panchyat. Project inagurated by Melody Block Panchyat President Suresh Chagadath.