അഡ്വ.എം.കെ പ്രേംനാഥ് അനുസ്മരണം 29ന്; വടകരയിൽ വിപുലമായ പരിപാടികള്‍, വിവിധ മണ്ഡലങ്ങളിൽ അനുസ്മരണ പരിപാടികൾ


വടകര: സോഷ്യലിസ്റ്റും വടകര മുൻ എം.എൽ.എയും അടിയന്തരാവസ്ഥാപോരാളിയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിദിനത്തില്‍ വടകരയില്‍ വിപുലമായ പരിപാടികള്‍. സെപ്തംബര്‍ 29ന് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വടകര ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്തംബര്‍
29 മുതൽ ഒക്ടോബർ ആറുവരെ മണ്ഡലങ്ങളിൽ അനുസ്മരണപരിപാടികൾ നടക്കും.

സെപ്തംബര്‍ 29ന് രാവിലെ തട്ടോളിക്കരയിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, തുടർന്ന് സമ്മേളനവേദിയിലേക്കുള്ള ദീപശിഖ സ്മൃതിമണ്ഡപത്തിൽ നിന്ന്‌ കെ.പി മോഹനൻ എം.എൽ.എ. ലോഹ്യ യൂത്ത് ബ്രിഗേഡിന് കൈമാറും. പത്തുമണിക്ക് സമ്മേളനനഗരിയായ വടകര ടൗൺഹാളിൽ ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ ദീപശിഖ ഏറ്റുവാങ്ങും. വൈകീട്ട് മൂന്നുമണിക്ക് ടൗൺഹാളിൽ എം.കെ പ്രേംനാഥിന്റെ ജീവിതയാത്രയുടെ ഫോട്ടോപ്രദർശനം ഉണ്ടാകും. തുടര്‍ന്ന്‌ 3.30ന് അനുസ്മരണസമ്മേളനം ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ്‌ കുമാർ ഉദ്ഘാടനം ചെയ്യും.

മുല്ലപ്പള്ളി രാമചന്ദ്രൻ, പി.മോഹനൻ, ഡോ. വർഗീസ് ജോർജ്‌, ഇ.കെ വിജയൻ എം.എൽ.എ, കെ.പി മോഹനൻ എം.എൽ.എ, സി.കെ പത്മനാഭൻ, സി.കെ നാണു, പാറക്കൽ അബ്ദുള്ള, പി.എം സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങില്‍ സ്മരണിക പ്രകാശനവും നടക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.കെ ഭാസ്കരൻ, ജനറൽ കൺവീനർ പി.പി രാജൻ, ഭാരവാഹികളായ വി.കെ സന്തോഷ് കുമാർ, സി.പി രാജൻ, ഇ.കെ സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

Description: Adv. MK Premnath Commemoration on 29; Wide range of events in Vadakara