പൊതു ഇടത്തില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ അരിക്കുളത്തുകാര്‍; ഗ്രാമസഭാ തീരുമാനത്തെ അട്ടിമറിക്കരുതെന്ന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍


 


അരിക്കുളം: ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഗ്രാമസഭകളെന്നും ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കേണ്ടതുണ്ടെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍. പൊതു ഇട സംരക്ഷണത്തിനായി അരിക്കുളത്ത് ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ ഇരുപ്പു സമര പന്തലില്‍ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ പങ്കാളികളായി മാറിയ സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞു. വര്‍ഷങ്ങളായി അരിക്കുളത്തുകാര്‍ കലാ-കായിക സാംസ്‌കാരിക പരിപാടികള്‍ക്കായി ഒത്തുകൂടുന്ന പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുള്ള പുറമ്പോക്കില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെയാണ് ജനകീയ കൂട്ടായ്മ സമരമാരംഭിച്ചത്.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ക്കുകയും പങ്കെടുത്ത 118 പേരില്‍ 117 പേരും പൊതു ഇടം നഷ്ടപ്പെടുത്തി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ നിലപാടെടുക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനത്തെ കാറ്റില്‍ പറത്തിയാണ് അരിക്കുളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ എം.എസി.എഫ്. സ്ഥാപിക്കാനായി ഭരണ സമിതി ഒരുങ്ങുന്നത്.

ഏഴാം ദിനത്തിലേയ്ക്ക് കടന്ന ഇരിപ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തി. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നതിനായി മാര്‍ച്ച് ഏഴിന് വൈകുന്നേരം അരിക്കുളം മുക്കില്‍ നടക്കുന്ന യു.ഡി.എഫ്. പൊതുയോഗം മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ. സി.അബു ഉദ്ഘാടനം ചെയ്യും.