‘മലബാര്‍മേഖലയിലേക്ക് കുപ്പിവെള്ളം എത്തിക്കാന്‍ പെരുവണ്ണാമൂഴിയിലെ ജലം ഉപയോഗപ്പെടുത്തും’; സര്‍ക്കാര്‍ കുപ്പിവെള്ളക്കമ്പനി തുടങ്ങാന്‍ 17 കോടിയുടെ ഭരണാനുമതി


പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാമിലെ വെള്ളം ഉപയോഗിച്ച് സര്‍ക്കാരിന്റെ കുപ്പിവെള്ള കമ്പനി തുടങ്ങാന്‍ ഭരണാനുമതി. സര്‍ക്കാറിനു കീഴില്‍ ഹില്ലി അക്വ കുപ്പിവെള്ള ഉത്പാദനപ്ലാന്റ് സ്ഥാപിക്കാനായി 17 കോടി രൂപയുടെ അനുമതി നല്‍കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍മേഖലയിലേക്ക് കുപ്പിവെള്ളം എത്തിക്കുന്നതിന് പെരുവണ്ണാമൂഴിയിലെ വെള്ളം ഉപയോഗപ്പെടുത്തും. മറ്റുവകുപ്പുകളുടെ സഹകരണത്തോടെ പെരുവണ്ണാമൂഴിയെ മികച്ച ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവിടത്തെ തുരുത്തുകളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി ടൂറിസംപദ്ധതി നടപ്പാക്കും. ജലസേചനടൂറിസത്തിന് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി ബി.ഒ.ടി. അടിസ്ഥാനത്തിലും ത്രിതലപഞ്ചായത്തുകളുമായി സഹകരിച്ചും വിവിധ ഏജന്‍സികളുമായി സഹകരിച്ചും വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മഴക്കാലത്ത് വെള്ളപ്പൊക്കം പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ നദികളില്‍ എക്കലും ചെളിയുമെല്ലാം മാറ്റുന്ന പ്രവര്‍ത്തനം നടപ്പാക്കുകയാണ്. ഒരുകോടി ഘനമീറ്റര്‍ ചെളിയാണ് കഴിഞ്ഞവര്‍ഷം നീക്കംചെയ്തത്. 70.87 ലക്ഷം കുടിവെള്ള കണക്ഷനാണ് സര്‍ക്കാര്‍ ജലജീവന്‍ പദ്ധതിയില്‍ പുതുതായി നല്‍കാന്‍പോകുന്നത്. 35 ലക്ഷം കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. പേരാമ്പ്ര മണ്ഡലത്തില്‍ 572 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. എല്ലാവീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.