കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് ബിസി ഓവർ ലേ; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് ഭരണാനുമതി
ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 6.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.കുഞ്ഞമ്മത് കുട്ടി എംഎൽഎ. കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് ബിസി ഓവർ ലേ, എസ്മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡ് എംഎസ്എസ് എന്നീ രണ്ടു പ്രവൃത്തികൾക്കായി ഒന്നര കോടി രൂപ, കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡ് ബിബിഎംബിസി നിലവാരത്തിൽ ഉയർത്തുന്നതിനായി 4.75 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
കുറ്റ്യാടി മണ്ഡലത്തിൽ ശോചനീയാവസ്ഥയിലുള്ള റോഡുകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് എംഎൽഎ അഭ്യർഥിച്ചിരുന്നു. ഘട്ടം ഘട്ടമായി റോഡുകൾ മികച്ച നിലവാരത്തിലേക്ക് എത്തിക്കാമെന്ന് മന്ത്രി ഉറപ്പും നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ 6.25 കോടി രൂപയുടെ പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചത്.
