അത്യാധുനിക സൗകര്യങ്ങളുമായി കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം; 19.43 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി


തിരുവനന്തപുരം: കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 19.43 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി മലയോര മേഖല ഉള്‍പ്പെട്ട പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയമാണ്. സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ആശുപത്രി ആയതിനാല്‍ അത്യാഹിത വിഭാഗം നവീകരിക്കുകയും ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുന്നുണ്ട്. ഇതുകൂടാതെയാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

ആശുപത്രിയ്ക്കായി ആറു നിലകളുള്ള കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ബേസ്‌മെന്റ് ഫ്‌ളോറില്‍ പാര്‍ക്കിംഗ്, ഗ്രൗണ്ട് ഫ്‌ളോറില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ എക്‌സ്‌റേ, ലബോറട്ടറികള്‍, വെയിറ്റിംഗ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് റൂം, ഡോക്ടര്‍ റൂം, പാര്‍ക്കിംഗ് എന്നിവയും ഒന്നാം നിലയില്‍ ലേബര്‍ റൂം കോപ്ലക്‌സ്, രണ്ടും മൂന്നും നിലകളില്‍ വിവിധ വാര്‍ഡുകള്‍, നാലാമത്തെ നിലയില്‍ ഓപ്പറേഷന്‍ തീയറ്റര്‍
എന്നിവയുമാണുള്ളത്. നാല് ലിഫ്റ്റുകളാണ് സജ്ജമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

summary: Administrative approval for NABAD grant of Rs 19.43 crore for construction of new building for Kuttyadi Taluk Hospital