എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പി.പി.ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു


കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിവ്യയെ ഹാജരാക്കിയത്.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി രാവിലെ തള്ളിയിരുന്നു. ഇതിനുപിന്നാലെ കണ്ണപുരത്ത് വച്ചാണ് കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷമാണ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.

ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളില്‍ നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതല യേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പിപി ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം.

Summary: ADM Naveen Babu’s suicide; PP Divya was remanded for 14 days