എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ: പി.പി ദിവ്യ വൈകീട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍


കണ്ണൂർ: അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി.പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ആദ്യ ദിവസം അറസ്റ്റിലായപ്പോൾ തന്നെ ചോദ്യം ചെയ്തതിനാൽ ഇനിയും കൂടുതൽ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു.

കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പി.പി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന്‌ പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

ഒക്ടോബര്‍ 15ന്‌ രാവിലെയോടെയാണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ രാവിലത്തെ ട്രെയിനിൽ നവീൻ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി.പി ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം.

Description: ADM Naveen Babu's suicide: PP Divya in police custody till 5 pm