നടിയുടെ ലൈംഗികാതിക്രമ പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തത്. മുകേഷ് ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു.
അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.
കഴിഞ്ഞ 26-ാം തീയതിയാണ് മുകേഷ് ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ രാഷ്ട്രീയപരമായ ആരോപണമാണ് തനിക്കെതിരെയെന്നും നടി മുമ്പ് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്നും മുകേഷ് ആരോപിച്ചിരുന്നു.
Actress’s sexual assault complaint; A case was filed against Mukesh under the non-bailable section