നടിയെ ആക്രമിച്ച കേസ്; ഏഴര വർഷത്തിന് ശേഷം പൾസർസുനിക്ക് ജാമ്യം


ഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം. കർശന ഉപാധികളോടെ സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. സുനിക്ക് ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. എന്നാൽ വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. ഏഴര വർഷമായി പൾസർ സുനി ജയിലിൽ ആണ്. നിരവധി തവണ ജാമ്യാപേക്ഷ നല്കിയിരിന്നുവെങ്കിലും കോടതി നിരസിക്കുകയായിരുന്നു.

സുനിക്കു ജാമ്യം നൽകുന്നതിനെ കേരള സർക്കാർ ശക്തമായി എതിർത്തെങ്കിലും ഏഴര വർഷം പിന്നിട്ടിട്ടും വിചാരണയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ സുനിയെ വിചാരണകോടതി മുൻപാകെ ഹാജരാക്കാനും ബെഞ്ച് നിർദേശിച്ചു. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുമ്പോൾ സംസ്ഥാന സർക്കാരിനു വിചാരണ കോടതി മുൻപാകെ വാദം ഉന്നയിക്കാവുന്നതാണെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.